അഴീക്കലിൽ ലേല ഹാളും വാർഫും ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
text_fieldsഓച്ചിറ: ആലപ്പാട് അഴീക്കലിലെ ഹാർബർ വികസനത്തിന്‍റെ ഭാഗമായി ഹാർബറിൽ പുതിയ ലേല ഹാളും വാർഫും ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബോട്ടുകൾക്കും മത്സ്യബന്ധന നൗകകൾക്കും അടുക്കാനായി ഹാർബർ എൻജിനീയറിങ് വകുപ്പ് 2020 ജൂലൈയിലാണ് പുതുതായി വാർഫും ലേലഹാളും വിശാലമായ ലോഡിങ് ഏരിയയും ഉൾപ്പെടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചത്.
സർക്കാർ നബാർഡിൽ ഉൾപ്പെടുത്തി 7.8 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയറുടെ ഏഴു കോടി രൂപയുടെ സങ്കേതിക അനുമതിയോടെ 2021 ജൂണിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി നില നിൽക്കുമ്പോൾപോലും പദ്ധതി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കി.
108 മീറ്റർ നീളത്തിൽ വാർഫും 75 മീറ്റർ നീളത്തിൽ ലേലഹാളും മത്സ്യം കയറ്റുന്നതിനായി 22,000 ചതുരശ്ര അടിയിൽ വിശാലമായ ലോഡിങ് ഏരിയയും ഉൾപ്പെടെ സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.
പദ്ധതി വിലയിരുത്തുന്നതിനായി സി.ആർ. മഹേഷ് എം.എൽ.എ ഹാർബർ സന്ദർശിച്ചു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ്, വൈസ് പ്രസിഡന്‍റ് ഷൈമ, ഹാർബർ എൻജിനീയറിങ് അസി. എക്സിക്യുട്ടിവ് എൻജിനീയർ അനൂജ, അസി. എൻജിനീയർ സുമയ്യ, ഫസ്‌റ്റ് ഗ്രേഡ് ഓവർസിയർ മുനീർ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.