ഭദ്രൻ മുക്ക്-ഡീസൽ പമ്പ് റോഡ് അടച്ചിട്ട് രണ്ടു മാസം; പ്രതിഷേധം ശക്തം
text_fieldsഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അഴീക്കൽ ഒന്നാം വാർഡ് ഭദ്രൻ മുക്ക് -ഡീസൽ പമ്പ് റോഡ് അറ്റകുറ്റപ്പണിക്കായി ഗതാഗതം നിരോധിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. നാളിതുവരേയും റോഡ് സഞ്ചാരയോഗ്യമാകാത്തതിൽ പ്രതിഷേധം ശക്തം. വർഷങ്ങളായി തകർച്ചയിലുള്ള റോഡ് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധരിക്കുന്നത്.
റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന പൈപ്പ് മാറ്റി കൽവർട്ട് ഉൾപ്പെടെയാണ് റോഡ് നിർമിക്കുന്നത്. ടാങ്കർ ലോറികൾ കയറാനുള്ള പാകത്തിലല്ല കൽവർട്ട് നിർമാണമെന്ന് ആക്ഷേപമുണ്ട്. നിലവിലെ അഴീക്കൽ പ്രദേശത്തെ ആദ്യത്തെ ഡീസൽ പമ്പ്, വേദവ്യാസ ക്ഷേത്രം, പൂക്കോട്ട് കരയോഗം വല റിപ്പയറിങ് ഷെഡ്, നിരവധി മത്സ്യബന്ധന യാനങ്ങളുടെ കടവ് എന്നിവ ഈ റോഡിന് അഭിമുഖമായിട്ടാണ് സ്ഥിതിചെയ്യുന്നത്.
റോഡ് കീറിമുറിച്ച് സഞ്ചാര യോഗ്യമല്ലാത്തതിനാൽ ഡീസൽ പമ്പ് ട്രോളിങ് നിരോധനത്തിനു ശേഷം തുറക്കാൻ സാധിച്ചിട്ടില്ല. ട്രോളിങ് നിരോധന കാലയളവിനുള്ളിൽ റോഡിന്റെ നിർമാണം പൂർത്തീകരിക്കുമെന്ന് പമ്പ് ഉടമകൾക്ക് പഞ്ചായത്ത് അധികാരികൾ ഉറപ്പ് നൽകിയാണ് നിർമാണ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, കരാറുകാരന്റെ അനാസ്ഥയാണ് നിർമാണം വൈകാൻ കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഡീസൽ പമ്പ് തുറക്കാൻ കഴിയാത്തതിനാൽ ഭീമമായ കടബാധ്യത മൂലം സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നും ഡീസൽ പമ്പ് ഉടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.