സൂനാമി ദുരന്തഭൂമിയെ കണ്ണീരിലാഴ്ത്തി വീണ്ടും കടൽദുരന്തം
text_fieldsആറാട്ടുപുഴ: സൂനാമി ദുരന്തത്തിെൻറ കെടുതികൾ ഏറ്റവും കൂടുതൽ നേരിട്ട തറയിൽ കടവ് നിവാസികളെ സങ്കടക്കടലിലാക്കി വീണ്ടും കടൽദുരന്തം. കടലിൽ പോയവർ ദുരന്തത്തിൽപെട്ടത് ഞെട്ടലോടെയാണ് ആറാട്ടുപുഴ ഗ്രാമം കേട്ടത്. നൂറുകണക്കിനുപേർ തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയതിനാൽ അപകടവാർത്ത കേട്ട് ആശങ്കയിലും സങ്കടത്തിലുമായ തീരത്ത് കൂട്ടനിലവിളികളുയർന്നു. തീരദേശത്തുകൂടി തലങ്ങും വിലങ്ങും ആംബുലൻസും പൊലീസ് വാഹനങ്ങളും ചീറിപ്പാഞ്ഞത് തീരത്തെ പരിഭ്രാന്തിയിലാഴ്ത്തി. ആറാട്ടുപുഴ പഞ്ചായത്ത് എട്ടാംവാർഡിൽ തറയിൽകടവ് 14ാം നമ്പർ ഭാഗത്തുനിന്ന് വ്യാഴാഴ്ച പുലർച്ചെ നാലോടെ കടലിൽ പോയ തറയിൽകടവ് കാട്ടിൽ അരവിന്ദെൻറ ഉടമസ്ഥതയിലുള്ള വീഞ്ച് വള്ളവും അതിനോടൊപ്പമുള്ള കാരിയർ വള്ളവും അപകടത്തിൽപെട്ടതായ വിവരമാണ് അറിഞ്ഞത്. വൃദ്ധരടക്കം 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അധികപേരും അയൽവാസികളും ബന്ധുക്കളും.
പരിക്കേറ്റവരെ കായംകുളം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലേക്കാണ് എത്തിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ വലിയഴീക്കൽ തീരത്തേക്ക് പാഞ്ഞു. സൂനാമി ദുരന്തത്തിന് ശേഷം 2010 ആഗസറ്റ് 15ന് വള്ളം മറിഞ്ഞ് ആറാട്ടുപുഴ നിവാസികളായ നാല് പേർ മരിച്ചിരുന്നു. സൂനാമി ദുരന്തത്തിെൻറ കണ്ണീർ ഉണങ്ങാത്ത തീരത്തെ സങ്കടക്കടലിലാക്കി വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ടതിെൻറ വേദനയിൽ നീറുകയാണ് തീരവാസികൾ.
രക്ഷകരായത് നാട്ടുകാരും മത്സ്യത്തൊഴിലാളികളും
ഓച്ചിറ: ആലപ്പാട് അഴീക്കലിൽ മത്സ്യബന്ധവള്ളം കടലിൽ മറിഞ്ഞതറിഞ്ഞ് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളും അഴീക്കലിലെ നാട്ടുകാരും നടത്തിയത് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം. 16 പേർ അപകടത്തിൽപെട്ടപ്പോൾ നാലുപേർ മുങ്ങിത്താഴുകയായിരുന്നു. ചിലർ നീന്തി രക്ഷപ്പെെട്ടങ്കിലും കടലിെൻറ മക്കളുടെ സേവനം മരണനിരക്ക് കുറച്ചു. അഴീക്കൽ കുരിശടിക്കും കഴുകൻ തുരുത്തിനും ഇടയിൽ പടിഞ്ഞാറു ഭാഗത്താണ് വള്ളം മറിഞ്ഞത്. രാവിലെ 9.30ന് അപകടം നടന്നെങ്കിലും 10നാണ് തീരത്തെ മത്സ്യത്തൊഴിലാളികൾ അറിയുന്നത്. ഓടിയെത്തിയ പല യുവാക്കളും കടലിലേക്ക് എടുത്തു ചാടുകയായിരുന്നു.
മറ്റ് മത്സ്യബന്ധന വള്ളങ്ങളിൽ പരിക്കേറ്റവരെ കരക്കെത്തിച്ചു. ആംബുലൻസ് എത്തുന്നതിന് മുേമ്പ മിനി ലോറിയിൽ കയറ്റിവിടാനും യുവാക്കൾ സന്നദ്ധരായി. നാലുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്ത് കരയിലെത്തിച്ചപ്പോൾ സ്ത്രീകളുടെ കൂട്ട നിലവിളി ഉയർന്നു. മറ്റ് മൃതദേഹങ്ങളും കണ്ടെടുത്ത് കരയിലെത്തിച്ചതും മത്സ്യത്തൊഴിലാളികൾ തന്നെ. പരിക്കേറ്റ തറയിൽകടവ് സ്വദേശികളായ പ്രടേകാട്ട് അക്ഷയകുമാർ (58), തറയിൽകടവ് രമണൻ (60), തട്ടാനത്ത് സജീവൻ (50) നെടിയത്ത് ബൈജു (40), തെക്കേപ്പുറത്ത് സുമേഷ് (30) എന്നിവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചതും ഇവർതന്നെ. ഓച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ്, എസ്.ഐമാരായ നിയാസ്, സന്തോഷ്, റോബി എന്നിവരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളുടെ സഹായികളായി നിന്നു. കടലിൽനിന്ന് കരയിലേക്ക് ഒഴുകിവന്ന വള്ളങ്ങൾ മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്ന് വടം കെട്ടി വലിച്ച് കരെക്കത്തിച്ചു.
ആശ്വസിപ്പിക്കാനായി മന്ത്രിമാരെത്തി
കരുനാഗപ്പള്ളി: അഴീക്കലില്‍ വള്ളം അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകാൻ മന്ത്രിമാരെത്തി. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ഉച്ച കഴിഞ്ഞെത്തിയ ധനമന്ത്രി കെ.എന്‍. ബാലഗോപാൽ ചികിത്സ പുരോഗതി വിലയിരുത്തി. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അത് ലഭ്യമാക്കാന്‍ അദ്ദേഹം നിർദേശം നല്കി. ആദ്യഘട്ട ധനസഹായം നല്‍കുന്നതിനൊപ്പം ചെലവില്ലാതെ ചികിത്സ നടത്താനുള്ള സൗകര്യവും ഉറപ്പാക്കി.
അപകടത്തിൽപെട്ടവര്‍ക്ക് എല്ലാ സഹായവും പിന്തുണയും നല്‍കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതെ സുരക്ഷയൊരുക്കുന്നതിന് സാങ്കേതിക വിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായി നടപടി സ്വീകരിക്കും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
മന്ത്രി ജെ. ചിഞ്ചുറാണിയും ആശുപത്രിയിലെത്തി. ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും ഉറപ്പുവരുത്തി. വിദഗ്ധ ചികിത്സ എല്ലാവര്ക്കും ഉറപ്പാക്കുമെന്ന് അറിയിച്ചു. തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ അതും ലഭ്യമാക്കും. സാമ്പത്തിക ബാധ്യത ഒഴിവാക്കി ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനവും അറിയിച്ചു.
കലക്ടര്‍ സന്ദർശിച്ചു
കൊല്ലം: അഴീക്കലില്‍ വള്ളം അപകടത്തപെട്ട് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ ചികിത്സ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. അപകടത്തിെൻറ ആഘാതത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കലക്ടർ നിർദേശിച്ചു.
10 ലക്ഷം രൂപ വീതം നൽകണം –ചെന്നിത്തല
ഓച്ചിറ: അഴീക്കലിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. കരുനാഗപ്പള്ളി ഗവ.ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഴീക്കൽ ഭാഗത്ത് അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉചിതമായ അന്വേഷണം നടത്തുകയും പോരായ്മ കണ്ടെത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ധനസഹായം നൽകണം -സി.ആർ. മഹേഷ്
കരുനാഗപ്പള്ളി: അഴീക്കലിൽ കടലിൽ മത്സ്യബന്ധനത്തിനായി പോയ നാലു പേർ മരിക്കുകയും വള്ളത്തിലുണ്ടായിരുന്ന മറ്റ് ആറുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ, മരിച്ചതും പരിക്കേറ്റവരുമായ നിർധനരായ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകണമെന്നും അപകടത്തിൽപെട്ട ബോട്ടുടമക്കും അടിയന്തരമായ സഹായം ഉറപ്പാക്കണമെന്നും സി.ആർ. മഹേഷ് എം.എൽ.എ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.