കയർ സംഭരണശാലയിലെ തീപിടിത്തം: 50 ടൺ കയർ കത്തിനശിച്ചു, 70 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ
text_fieldsഓച്ചിറ (കൊല്ലം): ക്ലാപ്പനയിലെ കയർ സംഭരണശാലയിൽ വൻ തീപിടിത്തം. ക്ലാപ്പന ആലുംപീടിക മണ്ണൂത്തറമുക്കിന് സമീപം കോണത്തേരിൽ രാജെൻറ ഉടമസ്ഥതയിലുള്ള ശ്രീ ഓച്ചിറ വാസൻ കയർ വർക്സ് എന്ന സ്ഥാപനമാണ് പൂർണമായും കത്തി നശിച്ചത്. സംഭരണശാലക്ക് സമീപം പാർക്ക് ചെയ്ത ഒരു ലോറി പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു.
തിരുവല്ലയിലെ മാറ്റ് നിർമാണശാലയിലേക്ക് കൊണ്ടുപോകാനായി 8.5 ടൺ കയർ കയറ്റിയ ലോറിയാണ് പൂർണമായും കത്തിയത്. സംഭരണശാലക്കുള്ളിൽ സൂക്ഷിച്ചിരുന്ന 37 ടൺ കയറും കത്തിനശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11.30ഓടെ സമീപത്തെ ഷെഡിൽ താമസിച്ച തൊഴിലാളികളാണ് തീപിടിത്തം കണ്ടത്. തൊഴിലാളികൾ ഒച്ചവെച്ചതോടെ അയൽവാസികളെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് ഓച്ചിറ പൊലീസും കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളിൽനിന്നും എത്തിയ അഗ്നിരക്ഷാസേനാസംഘവും ചേർന്ന് വെള്ളിയാഴ്ച പുലർച്ചയോടെ തീ നിയന്ത്രണവിധേയമാക്കി. ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഓച്ചിറ സി.ഐ ആർ. പ്രകാശിെൻറ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ രാജൻ പറഞ്ഞു. തീ പിടിച്ചതല്ല പെട്രോൾ, ഡീസൽ എന്നിവ ഉപയോഗിച്ച് കത്തിച്ചതാകാമെന്ന സംശയവും അദ്ദേഹം പൊലീസിനോട് പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.