കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് പരാതി; അഴീക്കൽ ഹാർബറിൽ മോഷണം പതിവ്
text_fieldsഓച്ചിറ: ആലപ്പാട് അഴീക്കൽ ഫിഷിങ് ഹാർബറിൽ മോഷണം പതിവാകുന്നു. കച്ചവടക്കാർ വാങ്ങിവെക്കുന്ന മത്സ്യം വാഹനമെടുക്കുന്നതിന് പുറത്തേക്ക് പോകുന്നതിനിടയിൽ പോലും ബോക്സ് ഉൾപ്പെടെ മോഷ്ടിക്കുന്ന അവസ്ഥയുണ്ട്. ആലപ്പുഴക്കാരനായ ഒരു മത്സ്യക്കച്ചവടക്കാരന്റെ ഒരു ലക്ഷത്തോളം രൂപയാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്. അഴീക്കൽ ഹാർബറിൽ പുതുതായി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അതിന്റെ കൺട്രോൾ യൂനിറ്റ് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഓഫിസിലുള്ളിലാണെങ്കിലും ഹാർബറിനകത്തും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ള 25ഓളം സി.സി.ടി.വി കാമറകളിലേക്കുള്ള വൈദ്യുതിയെത്തുന്നത് ടോൾ ഗേറ്റിലെ ഡി.ബി വഴിയാണ്.
ടോൾഗേറ്റിലെ ഡി.ബി പലപ്പോഴും ഓഫ് ചെയ്ത നിലയിലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈദ്യുതി പോയാൽ കാമറ തകരാറിലാകാൻ സാധ്യതയുള്ളതിനാൽ ഏത് സാഹചര്യത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനായി ഇൻവെർട്ടറും ബാറ്ററിയുമുണ്ടായിരിക്കെയാണ് ബാറ്ററിയിലേക്കും കാമറയിലേക്കുമുള്ള വൈദ്യുതി ഇത്തരത്തിൽ ഓഫാക്കിയിടുന്നത്. അതുകൊണ്ടുതന്നെ ടോൾഗേറ്റ് കരാറുകാരന്റെ അറിവോടെയും താൽപര്യ പ്രകാരവുമാണ് കാമറ ഓഫ് ചെയ്യുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
ഹാർബറിന്റെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷക്കായി സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ച് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഹാർബറിൽ മോഷണത്തിന് ഒരു കുറവുമില്ല.
ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ച സംഭവിച്ചാൽ പോലും കണ്ടെത്താൻ കാമറയെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ്. സുരക്ഷാകാമറകൾ ഓഫ് ചെയ്ത് വെക്കുന്നവർക്കെതിരിൽ നടപടി കൈക്കൊള്ളണമെന്ന് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.