പടനിലത്ത് വിസ്മയം തീർത്ത് കാളകെട്ട് ഉത്സവം
text_fieldsപടനിലം കീഴടക്കാൻ എത്തിഓച്ചിറ: നാടിന് ആവേശകാഴ്ചയായി ഇരുന്നൂറോളം കെട്ടുകാളകൾ ഓച്ചിറ പടനിലത്ത് വിസ്മയം തീർത്തതോടെ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന് വർണഭംഗിയാർന്ന സമാപനം. കർഷകൻ മണ്ണിൽ പൊന്നുവിളയിക്കുമ്പോൾ കർഷകനോട് ഒത്ത് പാടത്ത് പണി ചെയ്യുന്ന നന്ദികേശ്വരൻമാരെ ആദരിക്കാനാണ് കാളകെട്ട് ഉത്സവം.
കരുനാഗപ്പള്ളി മുതൽ കാർത്തികപ്പള്ളി വരെയുള്ള 52 കരകളിൽ നിന്ന് കെട്ടുകാളകൾ പടനിലം കീഴടക്കാൻ എത്തി. വൈക്കോലിൽ കെട്ടിയൊരുക്കി തുണിയിൽ പൊതിഞ്ഞ് തലയെടുപ്പുള്ള ശിരസ്സും വെച്ച് നെറ്റിപ്പട്ടവും പൂമാലയും മുത്തുക്കുടകളുമേന്തി ബാൻഡ് മേളങ്ങളും ആയി ശനിയാഴ്ച രാവിലെ മുതൽ കെട്ടുകാളകൾ ക്ഷേത്രം ലക്ഷ്യമാക്കി പുറപ്പെട്ടിരുന്നു.
ആലുംപീടിക ഐശ്വര്യ വനിത വേദിയുടെ കെട്ടുകാളയാണ് ആദ്യം പടനിലത്ത് എത്തിയത്. ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ കെട്ടുകാളകളെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ഏറ്റവും ഉയരംകൂടിയ കെട്ടുകാള എന്ന തലയെടുപ്പിൽ ഒരുങ്ങിയ ഞക്കനാൽ കരയുടെ കാലഭൈരവൻ പടനിലത്ത് എത്തുന്നതിന് മുമ്പ് ചരിഞ്ഞുവീണത് നൊമ്പരകാഴ്ചയായി. കാലഭൈരവൻ വീണതോടെ കൃഷ്ണപുരം മാമ്പ്രകന്നേൽ കരയുടെ ഓണാട്ടുകതിരവൻ പടനിലത്ത് എത്തിയ ഉയരം കൂടിയ കെട്ടുകാളയായി. 58.5 അടിപൊക്കത്തിലാണ് ഓണാട്ടുകതിരവൻ തലയുയർത്തിനിന്നത്. മുന്നിലും പിന്നിലും കൂറ്റൻ ക്രയിനുകൾ ഉപയോഗിച്ച് മറ്റ് കെട്ടുകാളകൾക്ക് തടസമാകാതെ ശനിയാഴ്ച രാത്രിയോടെയാണ് പടനിലത്ത് എത്തിച്ചത്. കായംകുളം, പുതുപ്പള്ളി ദേവികളങ്ങര, ആലുപീടിക, ഇടയനമ്പലം, പായിക്കുഴി, മേമന, കൊറ്റംമ്പള്ളി, ചങ്ങൻകുളങ്ങര എന്നിവിടങ്ങളിലെ കരക്കാരും പൗരസമിതികളും യുവജന സമിതികളും വലിയ കെട്ടുകാളകളെയാണ് ആനയിച്ചത്. വെള്ളിയിൽ തീർത്തും സ്വർണ്ണം പൂശിയതും ആയ കാളകളെ ചില കരയിൽ നിന്നും എഴുന്നള്ളിച്ചപ്പോൾ ജീവനുള്ള കാളകളെ അണിയിച്ചൊരുക്കി ക്ഷേത്രത്തിൽ എത്തിച്ചു ഒരു കൂട്ടം യുവാക്കൾ.
വനിത കൂട്ടായ്മകളും പല കരകളിലും നിന്നും കെട്ടുകാളകളുമായി എത്തി. ഒരു മാസത്തെ വൃതാനുഷ്ഠാനത്തോടെ രാപകൽ പ്രയത്നം ചെയ്തു കെട്ടി ഉയർത്തിയ നന്ദികേശ്വരൻമാർ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി പരബ്രഹ്മ സന്നിധിയിൽ എത്തിച്ചതോടെ വ്യതാനുഷ്ഠാനത്തിന് സമാപ്തിയായി.
ഞായറാഴ്ച കെട്ടുകാളകളുടെ പകൽകാഴ്ച കാണാൻ ഓണാട്ടുകരയിലെ പതിനായിരങ്ങൾ ഒഴുകി എത്തിയതോടെ ജനസാഗരത്തെ ഉൾകൊള്ളാൻ പടനിലം വീർപ്പുമുട്ടി. ജില്ലയിലെ മിക്ക സ്റ്റേഷനുകളിൽ നിന്നും സ്റ്റേഷൻ ഓഫിസർമാർ ഉൾപ്പെടെ വൻ പൊലീസ് സംഘമാണ് ഓച്ചിറയിൽ സുരക്ഷയൊരുക്കിയത്. രണ്ട് ദിവസം കൂടി കെട്ടുകാളകളെ ദർശിക്കാൻ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.