കെട്ടുകാളകൾ അണിഞ്ഞൊരുങ്ങി; കെട്ടുത്സവം ശനിയാഴ്ച
text_fieldsഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ 28ാം ഓണമഹോത്സവത്തിന് എഴുന്നെള്ളിക്കാനുള്ള കെട്ടുകാളകളുടെ നിർമാണം വിവിധ കരകളിൽ പുരോഗമിക്കുന്നു. ഭക്ത്യാദരപൂർവം സൂക്ഷിച്ചിട്ടുള്ള നന്ദികേശ്വര ശിരസുകൾ ഉറപ്പിച്ചു. 12നാണ് ഓച്ചിറയിലെ കെട്ടുകാള ഉത്സവം. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽനിന്ന് നൂറ്റിഅറുപതിൽപരം കെട്ടുകാളകളാണ് ഒരുങ്ങുന്നത്. മിക്ക പ്രദേശങ്ങളിലും കെട്ടുകാളകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
ചുവപ്പ്, വെള്ള നിറങ്ങളിലാണ് കാളകളെ അണിയിച്ചൊരുക്കുന്നത്. ലക്ഷങ്ങൾ ചെലവിട്ട് കൃഷ്ണപുരം, മാമ്പ്ര കന്നേൽ, ഞക്കനാൽ കരകളിൽ കെട്ടുകാളയുടെ നിർമാണം പൂർത്തിയായിവരുന്നു. ഈ കരയിൽ നിന്നാണ് ഏറ്റവും വലിയ കെട്ടുകാളകൾ.
70 അടി വരെ പൊക്കമുള്ള ജോടികളെ കാണാൻ ജനങ്ങൾ തടിച്ചുകൂടുകയാണ്. കൂറ്റൻ െക്രയിനുകളുടെ സഹായത്തോടെയാണ് ഇവ പടനിലത്ത് എത്തിക്കുന്നത്. സദ്യയും കഞ്ഞിയും കലാപരിപാടികളും സമ്മേളനങ്ങളുംകൊണ്ട് കാളമൂടുകൾ ശബ്ദമുഖരിതമാണ്.
ഓണാട്ടുകരയിലെ കർഷകനൊപ്പം വയലിൽ പണിയെടുത്ത കാളകളുടെ ഓണമാണ് ഇരുപത്തി എട്ടാം ഓണമഹോത്സവം. അതിന്റെ പ്രതീകമായാണ് ഓച്ചിറ പരബ്രമ ക്ഷേത്രത്തിലേക്ക് കെട്ടുകാളകളെ കെട്ടിഒരുക്കി ആനയിക്കുന്നത്.
ക്ഷേത്രത്തിൽ പൂജിച്ച് നൽകുന്ന കൂവളമാല ചാർത്തിയാണ് കെട്ടുകാളകളെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത്. ദേശീയപാതയിൽ 12ന് ഗതാഗതം വഴിതിരിച്ചുവിടും. രാവിലെ മുതൽ വൈദുതി തടസ്സവും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.