ഷെല്ലാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ കൊല്ലം സ്വദേശി
text_fieldsഓച്ചിറ: യുക്രെയ്നിലെ ഖര്‍കീവില്‍ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ട ഷെല്ലാക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ കൊല്ലം സ്വദേശി.
ഖര്‍കീവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയും ഓച്ചിറ മേമന നടേ പടീറ്റതില്‍ ബിനുവിന്റെ മകനുമായ മുഹമ്മദ് അസ്ഹറാണ് (21) ഷെല്ലാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. വീട്ടുകാരുമായി സംസാരിക്കുന്നതിനിടയിലാണ് ഖര്‍കീവില്‍ റഷ്യന്‍ സേനയുടെ ഷെല്ലാക്രമണം.
ഉടന്‍ അസ്ഹര്‍ ബങ്കറിലേക്ക് കയറിയതുകൊണ്ടാണ് ജീവന് രക്ഷിക്കാനായത്. ഷെല്ലാക്രമണത്തിനിടെ ഫോൺ കട്ടായതോടെ ആശങ്കയിലായിരുന്നു മാതാപിതാക്കള്‍. തുടര്‍ന്ന് മണിക്കൂറുകള്‍ക്കൊടുവില്‍ അസ്ഹര്‍ തന്നെ വീട്ടുകാരെ ഫോണില്‍ വിളിച്ച് അപകടവിവരം പറയുകയായിരുന്നു.
സഹേദരന് അസിഫ് (19) ഇതേ യൂനിവേഴ്സിറ്റിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. യുദ്ധം തുടങ്ങിയതുമുതല്‍ അസ്ഹറുള്‍പ്പെടെ വിദ്യാര്‍ഥികള്‍ ഖര്‍കീവ് നൗക്കോവ ഭൂഗര്‍ഭ മെട്രോ സ്റ്റേഷന് ബങ്കറിലാണ് കഴിയുന്നത്.
ഭക്ഷണം കഴിക്കുന്നതിന് അസ്ഹര്‍ ഹോസ്റ്റലിലേക്ക് പോകാനായി പുറത്തിറങ്ങിയപ്പോഴാണ് ഷെല്ലാക്രമണം നടന്നത്. കര്‍ണാടക സ്വദേശി കൊല്ലപ്പെട്ടതോടെ ബങ്കറിനുള്ളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലാണ്. ഓച്ചിറ, ക്ലാപ്പന സ്വദേശികളും ബങ്കറിലുണ്ട്. യുദ്ധം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴും എംബസിയില്‍നിന്ന് ഒരുസഹായവും ലഭിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഭക്ഷണത്തിനും വെള്ളത്തിനും വലിയ ദൗര്‍ലഭ്യം നേരിടുകയാണ്. യുക്രെയ്നിന്റെ കിഴക്കു ഭാഗത്തുള്ള ഖര്കീവില്നിന്ന് 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റഷ്യയിലെത്താം. കേന്ദ്ര ഗവ. റഷ്യ വഴി മക്കളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ രക്ഷാകർത്താക്കള് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.