പാസ്റ്റർക്കുനേരെ മുഖംമൂടി അക്രമണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsഓച്ചിറ: വവ്വാക്കാവിനുസമീപം പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിലായി. കടത്തൂർ പുല്ലം പ്ലാവിൽ കിഴക്കതിൽ അക്ഷയനാഥ് (23), കടത്തൂർ ഹരി ഭവനം ഹരിപ്രസാദ് (35), കടത്തൂർ ദേവിവിലാസം നന്ദു (22) എന്നിവരെയാണ് ഓച്ചിറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വവ്വാക്കാവിന് പടിഞ്ഞാറുള്ള പൈങ്കിളി കാഷ്യൂ ഫാക്ടറി വളപ്പിലെ കെട്ടിടത്തിൽ ഒരു മാസമായി പാസ്റ്റർ റെജി പാപ്പച്ചന്റെ നേതൃത്വത്തിൽ പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടന്നുവരുകയായിരുന്നു.
പൈങ്കിളി കാഷ്യൂ ഉടമ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രാർഥന നടന്നുവന്നത്. അതിൽ ജയചന്ദ്രന്റെ ബന്ധുക്കൾക്കും എതിർപ്പുണ്ടായിരുന്നു. ജയചന്ദ്രന്റെ ബന്ധുവിന്റെ നിർദേശപ്രകാരമാണ് അക്രമികൾ ഫാക്ടറിക്കുള്ളിൽ മതിൽ ചാടി കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാ മാതാവിനെയും മർദിച്ച് അവശരാക്കിയത്.
അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിൽ ഓച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർ നിയാസ്, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, അനി, വിഷാന്ത്, രാഹുൽ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.