പടനിലം നിറഞ്ഞ് കളി സംഘങ്ങൾ; ഓച്ചിറക്കളിക്ക് വർണശോഭയോടെ തുടക്കം
text_fieldsഓച്ചിറ: ഒരു മാസം കളരികളിൽ നിന്നഭ്യസിച്ച ആയോധന കലയുടെ സൗന്ദര്യവും വ്രതശുദ്ധിയുടെ കാർക്കശ്യവും ഒത്തുചേർന്ന ഓച്ചിറക്കളിക്ക് വർണശോഭയോടെ തുടക്കം. രണസ്മരണകൾ ഇരമ്പുന്ന ഓച്ചിറയുടെ മണ്ണിൽ പടയാളികൾ കൈമെയ്മറന്ന് പോരാടി.
പാരമ്പര്യത്തിന്റെ തനിമയും ആചാരാനുഷ്ഠാനങ്ങളുടെ ഗരിമയും ഒത്തിണങ്ങിയ ഓച്ചിറക്കളി കാണാൻ വിദൂരദിക്കിൽനിന്നുപോലും ആയിരങ്ങൾ പടനിലത്തേക്ക് ഒഴുകിയെത്തി. ശനിയാഴ്ച രാവിലെ ഏഴിന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ജി. സത്യൻ പതാക ഉയർത്തിയതോടെ ഓച്ചിറക്കളിയുടെ ചടങ്ങുകൾ ആരംഭിച്ചു. 11ഓടെ പടനിലം യോദ്ധാക്കളേയും ഭക്തരേയുംകൊണ്ടു നിറഞ്ഞു.
കളിയാശാൻമാരുടെ നേതൃത്വത്തിൽ പ്രത്യേക വേഷവിധാനങ്ങളോടെ തലപ്പാവ് ധരിച്ച യോദ്ധാക്കൾ ചെറു സംഘങ്ങളായി പടനിലത്തിന്റെ വിവിധ ഭാഗങ്ങളിൽ അണിനിരന്നു. കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ജി. സത്യൻ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ, കെ. ജാജുബാബു, ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥൻ, രക്ഷാധികാരി എം.സി. അനിൽകുമാർ, ട്രഷറർ പ്രകാശൻ വലിയഴീയ്ക്കൽ എന്നിവർ സംസാരിച്ചു.
12.30ന് പടനിലത്ത് ശംഖ്നാദം മുഴങ്ങിയതോടെ പടത്തലവൻമാരുടെ നേതൃത്വത്തിൽ യോദ്ധാക്കൾ ക്ഷേത്ര ഭരണ സമിതി ഓഫിസിന് മുന്നിൽ ഒത്തുകൂടി. സെക്രട്ടറി കെ. ഗോപിനാഥൻ പടത്തലവൻമാരായ ശിവരാമനാശാൻ, രുദ്രനാശാൻ എന്നിവർക്ക് ധ്വജം കൈമാറിയതോടെ ഘോഷയാത്ര ആരംഭിച്ചു. ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ, കാര്യനിർവഹണ സമിതി അംഗങ്ങൾ, സ്ഥാനികൾ, കരപ്രമാണിമാർ, ഗുരുക്കൻമാർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഘോഷയാത്ര കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, ഒണ്ടിക്കാവ്, തകിടികണ്ടം, മഹാലക്ഷ്മി ക്ഷേത്രം, അയ്യപ്പക്ഷേത്രം, ഗണപതി ആൽത്തറ എന്നിവിടങ്ങളിൽ വലംവെച്ച് രണ്ടായി പിരിഞ്ഞ് എട്ടുകണ്ടത്തിന് കിഴക്കും പടിഞ്ഞാറുമായി നിരന്ന് കരക്കളി ആരംഭിച്ചു.
ഭരണ സമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ കരനാഥൻമാർ എട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് ഹസ്തദാനം ചെയ്തതോടെ ഇരുകരകളിലുമായി നിലയുറപ്പിച്ച യോദ്ധാക്കൾ രണഭേരി മുഴക്കി എട്ടുകണ്ടത്തിലിറങ്ങി പോരാട്ടം ആരംഭിച്ചു.
തുടർന്ന് തകിടികണ്ടത്തിലും കുറച്ചുനേരം പോരാട്ടം നടത്തി. ശേഷം യോദ്ധാക്കൾ പരബ്രഹ്മത്തെ വണങ്ങി അനുഗ്രഹവും വാങ്ങി ക്ഷേത്രക്കുളത്തിൽ സ്നാനവും ചെയ്തു . ഇന്ന് കളരിപയറ്റ് സംഘങ്ങളുടെ അഭ്യാസ പ്രകടനത്തോടെ ഉച്ചയോടെ കളി ആരംഭിക്കും. മികച്ച കളി സംഘങ്ങൾക്ക് ക്ഷേത്ര ഭരണസമിതി ഉപഹാരങ്ങൾ സമ്മാനിയ്ക്കും. മുന്നു ദിവസം കാർഷിക പ്രദർശനവും പട നിലത്ത് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.