ഡിജിറ്റൽ സാക്ഷരത മികവുമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്
text_fieldsഓച്ചിറ: രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ജില്ലയിലെ രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായി ഓച്ചിറ ബ്ലോക്ക്. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, കുലശേഖരപുരം, തഴവ, തൊടിയൂർ എന്നീ ഗ്രാമപഞ്ചായത്തുക്കളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. സ്മാർട്ട് ഫോൺ വഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യം കണ്ടത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീതാകുമാരി സമ്പൂർണ ഡിജിറ്റൽ സാക്ഷരത ബ്ലോക്കായി ഓച്ചിറയെ പ്രഖ്യാപിച്ചു. സെക്രട്ടറി എം.കെ. സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആറ് പഞ്ചായത്തുകളിലെ 7843 പേരാണ് ആറുമാസംകൊണ്ട് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.
ആലപ്പാട് പഞ്ചായത്തിൽ 1437, ക്ലാപ്പന പഞ്ചായത്തിൽ 155, കുലശേഖരപുരം 2457, ഓച്ചിറ പഞ്ചായത്തിൽ 799, തഴവ പഞ്ചായത്തിൽ 552, തൊടിയൂർ പഞ്ചായത്തിൽ 2443 പേർ എന്നിങ്ങെനയാണ് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. കുടുംബശ്രീ, സാക്ഷരത പ്രേരക്, ഹരിതകർമസേന അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലും പങ്കാളിത്തത്തിലുമാണ് പദ്ധതി പൂർത്തിയാക്കിയത്.
സന്നദ്ധസേവകർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ മേൽനോട്ടത്തിൽ എല്ലാ വാർഡുകളിലും പഠന കേന്ദ്രങ്ങളൊരുക്കി. വായനശാലകളും തൊഴിലുറപ്പുകേന്ദ്രങ്ങളും പരിശീലനകേന്ദ്രങ്ങളായി. താൽപര്യത്തോടെ മുന്നോട്ടുവന്ന 14 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും പദ്ധതിയുടെ ഭാഗമായി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡിജിറ്റൽ സാക്ഷരതപഠിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.