ഓച്ചിറ കാളകെട്ട് ഉത്സവം: കർശന നിയന്ത്രണങ്ങളുമായി പൊലീസ്
text_fieldsഓച്ചിറ: കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് ഗതാഗതതടസ്സം ഒഴിവാക്കാൻ കർശന നിയന്ത്രണവുമായി പൊലീസ്. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമൂലം മുൻ വർഷങ്ങളിെലക്കാൾ വലിയതോതിൽ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. കെട്ടുത്സവത്തിന്റെ മുന്നോടിയായി സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
നിയന്ത്രണം ഇങ്ങനെ:
കാളകെട്ടുത്സവം നടക്കുന്ന 26ന് രാവിലെ 11 മുതൽ രാത്രി ഒന്ന് വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ആലപ്പുഴയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കായംകുളത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് കെ.പി റോഡ് വഴി ചൂനാട്, മണപ്പള്ളി വഴി പുതിയകാവിലെത്തി കരുനാഗപ്പള്ളിയിലേക്ക് പോകേണ്ടതും കൊല്ലം ഭാഗത്തുനിന്ന് വടക്കോട്ടുവരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് വെള്ളനാതുരുത്ത് പാലം കടന്ന് അഴീക്കൽവഴി കായംകുളത്ത് പ്രവേശിക്കേണ്ടതുമാണ്.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി ലോങ് ചെയ്സ് കെണ്ടയ്നർ വാഹനങ്ങൾ കൊട്ടിയത്തുനിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ, കുണ്ടറ, കൊട്ടാരക്കര വഴി എം.സി റോഡിലെത്തി പോകണം. അത്യാവശ്യ സന്ദർഭത്തിൽ ഉപയോഗിക്കാൻ സ്ട്രൈക്കിങ് ഫോഴ്സിനെ നിയോഗിക്കും. ആലപ്പുഴ, കൊല്ലം പൊലീസ് യോജിച്ച് പ്രവർത്തിക്കും.
കെട്ടുകാളകളുടെ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കാളകെട്ടുസമിതി ഭാരവാഹികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. അനിഷ്ട സംഭവങ്ങളുണ്ടായാൽ ഭാരവാഹികൾ ഉത്തരവാദികളായിരിക്കും. കെട്ടുകാളകൾ കടന്നുവരുന്ന വഴികളിലെ വൈദ്യുതി കമ്പികൾ അഴിച്ചുമാറ്റാൻ കെ.എസ്.ഇ.ബി അധികൃതർ വേണ്ട നടപടികൾ എടുക്കാനും നിർദേശിച്ചു.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബി. സത്യൻ അധ്യക്ഷത വഹിച്ചു. എ.സി.പി വി.എസ്. പ്രദീപ് കുമാർ, സ്പെഷൽ ബ്രാഞ്ച് എ.സി.പി വഹാബ്, എസ്.എച്ച്.ഒ എ. നിസാമുദ്ദീൻ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥൻ, ട്രഷറർ പ്രകാശൻ വലിയഴീയ്ക്കൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.