നാടിനാഘോഷം, ഇന്ന് ഓച്ചിറ കെട്ടുത്സവം
text_fieldsഓച്ചിറ: ചരിത്ര പ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28ാം ഓണമഹോത്സവത്തിന്റെ ഭാഗമായുള്ള കെട്ടുത്സവം ചൊവ്വാഴ്ച പടനിലത്ത് നടക്കും. ജീവത, നെറ്റിപ്പട്ടം, കുഞ്ചലം, വെഞ്ചാമരം, അലങ്കാരങ്ങള്‍ എന്നിവ അണിയിച്ച നന്ദികേശന്മാര് വിവിധയിനം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പടനിലത്ത് എത്തുന്നത് കാണാന്‍ പതിനായിരങ്ങളാണ് ഓച്ചിറയില്‍ എത്തുന്നത്. ചെറുതും വലുതുമായ 175 ഓളം കെട്ടുകാളകള്‍ പടനിലത്ത് അണിനിരക്കും.
ചൊവ്വാഴ്ച പുലര്‍ച്ച കാളമൂട്ടില് പ്രത്യേക വഴിപാടുകളും പൂജകളും നടക്കും. ക്ഷേത്രത്തിൽനിന്ന് കൊണ്ടുവരുന്ന കൂവളമാല നന്ദികേശന്മാരെ അണിയിക്കും. രാവിലെ വാദ്യമേളങ്ങളുടേയും കലാപരിപാടികളുടേയും അകമ്പടിയോടെ ഘോഷയാത്രയായി നന്ദികേശന്മാരെ ഗ്രാമവീഥികളിലൂടെ ആനയിച്ച് ഉച്ച കഴിയുന്നതോടെ പരബ്രഹ്മ സന്നിധിയില്‍ എത്തിക്കും. 65 അടി ഉയരത്തിലുള്ള ഞക്കനാൽ കരയുടെ കാല ഭൈരവനാണ് ഏറ്റവും വലിയ കെട്ടുകാള.
കെട്ടുത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഭരണസമിതിയും പൊലീസും പ്രത്യേക ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. വൈകീട്ട് അഞ്ചിനു മുമ്പായി എല്ലാ കെട്ടുകാളകളേയും പടനിലത്ത് എത്തിക്കണം.
ഭരണസമിതി നേരത്തേ നല്‍കിയിട്ടുള്ള നമ്പര്‍ ക്രമത്തിലായിരിക്കും നന്ദികേശന്മാരെ പടനിലത്ത് നിരത്തുക. ഓരോ കെട്ടുകാളക്കും പ്രത്യേകം സ്ഥലം നിജപ്പെടുത്തിയിട്ടുണ്ട്. കാളകെട്ട് സമിതി പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ബാഡ്ജ് ധരിക്കണം. മദ്യപിച്ചുകൊണ്ട് കെട്ടുത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ദേശീയപാതയിലൂടെ കടന്നുവരുന്ന എല്ലാകെട്ടുകാളകളും ഗതാഗത തടസ്സമുണ്ടാക്കാതെ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുകൂടിവേണം കടന്നുപോകേണ്ടത്.
ഇടറോഡുകളിലൂടെ കടന്നുവരുന്ന കെട്ടുകാളകള്‍ പരമാവധി ഗതാഗത തടസ്സമുണ്ടാക്കാത്ത തരത്തിലായിരിക്കണം കടന്നുവരേണ്ടത്. പ്രീമിയര്‍ ജങ്ഷന് മുതല്‍ കൊടിനാട്ട് ജങ്ഷന് വരെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ഉച്ച മുതൽ കായംകുളം മുതൽ ചവറ വരെ ദേശീയപാതയിൽ വലിയവാഹനങ്ങൾ വഴി തിരിച്ചു വിടും. ചെറിയ വാഹനങ്ങൾ ഉച്ച മുതൽ കടത്തിവിടില്ല. രാവിലെ മുതൽ രാത്രി വരെ ഓച്ചിറയിലും പരിസരപ്രദേശത്തും വൈദ്യുതിയും ഉണ്ടാകില്ല. രണ്ടു ദിവസമായി തിമിർത്ത് പെയ്യുന്ന മഴ വില്ലനാകുമോ എന്ന ആശങ്ക കെട്ടുകാള സമിതികളെ ആകുലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.