ആയിരം തെങ്ങിലെ തീവെപ്പിന് പിറകിൽ കൊടുംപകയെന്ന് പൊലീസ്; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsഓച്ചിറ: ആയിരം തെങ്ങ് ജങ്ഷനിൽ കടകൾ തീവെച്ച് മൂന്നു കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിൽ ഒരു പ്രതി കൂടി ഓച്ചിറ പൊലീസിൻ്റെ പിടിയിലായി. പാവുമ്പാ കള്ളുഷാപ്പിലെ തൊഴിലാളി തഴവ തെക്കുംമുറി കിഴക്ക് ദീപു ഭവനത്തിൽ ദീപു (36) ആണ് പിടിയിലായത്.
ആഗസ്റ്റ് 30ന് രാത്രി 11 മണിയോടെയാണ് സംഭവം. ആയിരം തെങ്ങ് പ്രസാദിൻ്റെ തനിമ സ്റ്റോർ, മധുരപ്പള്ളിൽ ബാബുവിൻ്റെ അഖിൽ ബേക്കറി, ചവറ കൊന്നയിൽ അജിത്തിൻ്റെ ജുവൽ പോയിൻ്റ് എന്നിവയാണ് തീ വെച്ച് നശിപ്പിച്ചത്. പ്രസാദിൻ്റെ വ്യവസായത്തിലെ വളർച്ചയും മൽസ്യബന്ധന ഉപകരണങ്ങൾ വില കുറച്ച് വിൽക്കുന്നതും കാരണം പകയുണ്ടായിരുന്ന വ്യവസായി ആസൂത്രണം ചെയ്തതാണ് തീവെപ്പെന്ന് പൊലീസ് പറഞ്ഞു.
ബോട്ടുകൾക്കും വള്ളങ്ങൾക്കും മൽസ്യബന്ധന ഉപകരണങ്ങൾ കടം കൊടുത്ത വകയിൽ ലക്ഷങ്ങൾ കിട്ടാനുള്ള കണക്കുകൾ സൂക്ഷിച്ച പുസ്തകം അഗ്നിക്ക് ഇരയായിട്ടുണ്ട്. 5 ലക്ഷം രൂപാ പ്രതിഫലം വാഗ്ദാനം ചെയ്താണ് തീവെപ്പ് നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പിടിയിലായ ദീപുവും സുഹൃത്തായ തഴവ തെക്കുംമുറി കിഴക്ക് ഷിജിൻ ഭവനത്തിൽ ഷിജിൻ ഷാജി(22) യും ചേർന്നാണ് കടക്ക് തീവെച്ചത്. ഷിജിൻ ഷാജിയെ ബുധനാഴ്ച റിമാൻ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സൂത്രധാരനായ പ്രമുഖ വ്യവസായിയെപറ്റി വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.