സി.പി.ഐ മണ്ഡലം കമ്മിറ്റി വിഭജനം: യോഗത്തിൽ ൈകയാങ്കളി; അനങ്ങാതെ നേതൃത്വം
text_fieldsഓച്ചിറ: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രണ്ടായി വിഭജിക്കാനും സെക്രട്ടറിമാരെ തെരഞ്ഞടുക്കാനും ചേർന്ന യോഗത്തിൽ നാടകീയ രംഗങ്ങൾ. മൈക്ക്പിടിച്ചെടുക്കലും പ്രവർത്തകർ തമ്മിൽ ൈകയാങ്കളിയും നടന്നെങ്കിലും നേതൃത്വം മൗനം പാലിച്ചതായി പ്രവർത്തകർ പറയുന്നു. ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു, മുൻ മന്ത്രി കെ. രാജു, വിജയമ്മ ലാലി, ആർ. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ വിഭാഗീയ പ്രവർത്തനം നടത്തിയവരാണ് മൈക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. മണ്ഡലം കമ്മിറ്റി വിഭജിച്ച് ഓച്ചിറ, കരുനാഗപ്പള്ളി എന്നീ രണ്ട് കമ്മറ്റികൾ രൂപവത്കരിക്കാനും ഓച്ചിറ മണ്ഡലം സെക്രട്ടറിയായി കടത്തൂർ മൻസൂറിനെയും കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയായി ജഗജീവൻ ലാലിെയയും ജില്ല സെന്‍റർ നിർദേശിച്ചിരുന്നു. ഒരുവിഭാഗം ബദൽ പേരുമായി രംഗത്ത് വന്നതാണ് യോഗം അലങ്കോലമാകാൻ കാരണം. മണ്ഡലം സെക്രട്ടറിമാരുടെ പേരുകൾ അവതരിപ്പിച്ചപ്പോൾ ഒരു വിഭാഗം എതിർപ്പുമായി രംഗത്തുവന്നു. വിജയമ്മ ലാലിയോട് അമ്മക്കും മകനും സ്ഥാനമാനങ്ങൾ വേണോ എന്ന് ഒരാൾ ചോദിച്ചത് പ്രശ്നങ്ങൾ വാക്കേറ്റത്തിലെത്തിച്ചു.
എം.എസ്. താരയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ മണ്ഡലം കമ്മിറ്റിയിൽ നടന്ന തർക്കങ്ങൾ നേതാക്കൾ മറച്ചുവെച്ച് സംസാരിച്ചെന്ന് ആരോപിച്ചാണ് മൈക്ക് പിടിച്ചെടുക്കലും കൈയാങ്കളിയും നടന്നത്. വേദിയിൽ ഇരുന്ന നേതാക്കൾ ഒന്നിലും ഇടപെടാതെ മൗനം പുലർത്തി. സി.പി.ഐയിൽ മുമ്പൊന്നുമില്ലാത്തതരം വിഭാഗീയതയാണ് അരങ്ങേറുന്നത്. മണ്ഡലം കമ്മിറ്റികളുടെ വിഭജനം അംഗീകരിച്ചെങ്കിലും സെക്രട്ടറിമാരെ തെരഞ്ഞടുക്കാൻ കഴിയാതെ പിരിഞ്ഞത് നേതാക്കൾക്കും തിരിച്ചടിയായി. പാർട്ടിയിൽ കടന്നുവന്ന ഊർജസ്വലരായ പ്രവർത്തകരെ അകറ്റിനിർത്തുന്ന നടപടിയാണ് മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആക്ഷേപമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.