വേണ്ടത് ശാശ്വത പരിഹാരം; അഴീക്കൽ പാലത്തിലെ കോൺക്രീറ്റ് വീണ്ടും ഇളകി
text_fieldsഓച്ചിറ: അഴീക്കൽ ആയിരംതെങ്ങ് പാലത്തിൽ കോൺക്രീറ്റ് ഇളകി കുഴികൾ രൂപപ്പെട്ട് വീണ്ടും കമ്പികൾ പുറത്തുവന്നു. മാസങ്ങൾക്കുമുമ്പ് താൽക്കാലികമായി അടച്ച കുഴികളാണ് വീണ്ടും രൂപപ്പെട്ടത്. അഴീക്കൽ ഫിഷിങ് ഹാർബർ, അഴീക്കൽ ബീച്ച്, മാതാ അമൃതാനന്ദമയീ മഠം എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
പാലത്തിനുമുകളിൽ കുഴികൾ രൂപപ്പെട്ട് കമ്പികൾ തെളിഞ്ഞു വരുന്നത് ആദ്യ സംഭവമല്ല. മാസങ്ങൾക്കുമുമ്പ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതേടെയാണ് കുഴികൾ താൽക്കാലികമായി അടച്ചത്. ശ്വാശ്വതമായ പരിഹാരമാവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് കത്തും നൽകി.
കേവലം കുഴിയടപ്പ് കൊണ്ട് തീരുന്നതല്ല അഴീക്കൽ പാലത്തിലെ പ്രശ്നം. ഓച്ചിറ ആയിരംതെങ്ങ് റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി പാലം മുഴുവനായി ടാർ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പാലത്തിലെ ലൈറ്റുകൾ കൂടി കണ്ണടച്ചതോടെ രാത്രി യാത്ര ദുഷ്കരമാണ്.
പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ളവരും ബുദ്ധിമുട്ടിലാണ്. ലൈറ്റിന്റെ പരിപാലന ചുമതല പഞ്ചായത്തിനാണ്. തെരുവുനായ് ശല്യവും രൂക്ഷമാണ്.പൊതുമരാമത്ത് വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനാസ്ഥ അവസാനിപ്പിച്ച് പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.