എട്ട് വർഷത്തെ ദുരിതത്തിന് അവസാനം; പോംസി ബിസ്കറ്റ് ഉടമ രാജേന്ദ്രപ്രസാദ് തിരികെയെത്തുന്നു
text_fieldsഓച്ചിറ: പോംസി ബിസ്കറ്റിലൂടെ നാടിന് പ്രിയപ്പെട്ടവനായ പി. രാജേന്ദ്രപ്രസാദിന് എട്ട് വർഷങ്ങൾക്ക് ശേഷം ദുബൈയിൽ ജയിൽ മോചനം. ബാങ്ക് വായ്പ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ദുബൈ ജയിലിലായ ഓച്ചിറ ചങ്ങൻകുളങ്ങര, കൊറ്റംപ്പള്ളി, ചെറുവാറയിൽ പി. രാജേന്ദ്രപ്രസാദ് ഒടുവിൽ ജയിൽ മോചിതനായി. വീടിന് സമീപം സ്ഥാപിച്ചിരുന്ന പോംസി ബിസ്ക്കറ്റ് കമ്പനിയിലൂടെ ഏറെപ്പേർക്ക് തൊഴിൽ നൽകിയ അദേഹം, ബിസ്കറ്റ് പ്രചാരം നേടിയ സമയത്തായിരുന്നു ജയിലായത്.
കുടുബാംഗങ്ങൾ കമ്പനി കുറച്ചുകാലം നോക്കിനടത്തിയെങ്കിലും മുന്നോട്ട് കൊണ്ടുപോകാനായില്ല. 1993ൽ സ്ഥാപിതമായ അലക്സ് ആൻഡ് പ്രസാദ് ഫുഡ് പ്രോഡക്ട്സ് കമ്പനിക്ക് വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്ഥാപനങ്ങളുണ്ടായിരുന്നു. പാർട്ണർഷിപ്പിലെ തർക്കങ്ങളും സാമ്പത്തിക ബാധ്യതയും മൂലമുണ്ടായ കേസിൽ 2013ലാണ് കമ്പനി ഉടമകളായ അലക്സും രാജേന്ദ്ര പ്രസാദും ദുബൈയിൽ ജയിലിലായത്. അലക്സ് നേരത്തെ ജയിൽ മോചിതനായി. രാജേന്ദ്രപ്രസാദിന്റെ മോചനത്തിനായി കുടുബാംഗങ്ങൾ മുട്ടാത്ത വാതിലുകളില്ല.
എം.പിമാരായ എ.എം. ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, സി.ആർ. മഹേഷ് എം.എൽ.എ എന്നിവർ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായി ബന്ധപ്പെട്ടിരുന്നു. നിയമപരമായ ചില നടപടിക്രമങ്ങൾകൂടി പൂർത്തിയാക്കിയതിനുശേഷം രാജേന്ദ്രപ്രസാദ് സ്വദേശമായ ഓച്ചിറയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.