ഓച്ചിറക്കളിക്ക് ഇന്ന് തുടക്കം
text_fieldsഓച്ചിറ: കായംകുളം രാജാവിന്റെയും വേണാട് രാജാവിന്റെയും രണഭൂമിയായിരുന്ന ഓച്ചിറ പടനിലത്ത് ഓച്ചിറക്കളിക്ക് വെള്ളിയാഴ്ച തുടക്കം. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലെ മുന്നൂറോളം കളരികളിൽ നിന്നും ആയിരത്തോളം യോദ്ധാക്കൾ പടനിലത്തെത്തും. ഗുരുക്കന്മാർക്കൊപ്പം പ്രത്യേക വേഷവിധാനങ്ങളോടെ പടനിലത്തെത്തുന്ന കളിസംഘങ്ങൾ പരബ്രഹ്മ ദർശനത്തിന്ശേഷം പടനിലത്ത് വിവിധ ഭാഗങ്ങളിൽ അണിനിരക്കും.
രാവിലെ 11.30 ന് പടനിലത്ത് ശംഖ്നാദം മുഴങ്ങുന്നതോടെ ഗുരുക്കന്മാരും യോദ്ധാക്കളും ഭരണസമിതി ഓഫിസിന് മുന്നിലെത്തും. ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥൻ ധ്വജം പടത്തലവൻമാർക്ക് കൈമാറുന്നതോടെ ഘോഷയാത്ര ആരംഭിക്കും. അലങ്കരിച്ച ഋഷഭ വീരന്മാർ, താലപ്പൊലി, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രക്ക് കരനാഥന്മാർ, സ്ഥാനികൾ, ഭരണസമിതി അംഗങ്ങൾ, ഗുരുക്കന്മാർ എന്നിവർ നേതൃത്വം നൽകും.
ഘോഷയാത്ര കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, ഒണ്ടിക്കാവ്, തകിടിക്കണ്ടം, മഹാലക്ഷ്മി കോവിൽ, അയ്യപ്പൻ കോവിൽ, ഗണപതി ആൽത്തറ എന്നിവിടങ്ങൾ വലംവെച്ച് എട്ട് കണ്ടത്തിന് കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും. തുടർന്ന് കരക്കളി ആരംഭിക്കും. കൃഷ്ണപരുന്ത് എട്ടുകണ്ടത്തിന് മുകളിൽ വട്ടമിട്ട് പറക്കുന്നതോടെ ഭരണ സമിതി അംഗങ്ങൾക്കൊപ്പം എത്തുന്ന കരനാഥന്മാർ എട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് പരസ്പരം ഹസ്തദാനം ചെയ്യും. ഇതോടെ ഇരുകരകളിലുമായി നിലയുറപ്പിച്ച യോദ്ധാക്കൾ രണഭേരി മുഴക്കി എട്ടുകണ്ടത്തിലിറങ്ങി പോരാട്ടം നടത്തും. തുടർന്ന് തകിടി കണ്ടത്തിലും അല്പനേരം പോരാട്ടം നടത്തിയതിന് ശേഷം ക്ഷേത്രക്കുളത്തിൽ സ്നാനവും കഴിഞ്ഞ് ഉച്ച ഭക്ഷണവും കഴിഞ്ഞ് കളരികളിലേക്ക് മടങ്ങും. ഒരു മാസത്തെ കളരിയിൽ നിന്നും കരസ്ഥമാക്കിയ അയോധനമുറകൾ പടനിലത്ത് കാഴ്ചവക്കും. എൽ.എ.എ.മാരായ സി.ആർ. മഹേഷ്, യു. പ്രതിഭ എന്നിവർ ചേർന്ന് വിളക്ക് തെളിയിക്കും. ശനിയാഴ്ചത്തെ കളിയോടെ ഈ വർഷത്തെ ഓച്ചിറക്കളി സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.