ഓയിൽ പാം തോട്ടത്തിലെ തീപിടിത്തം; കമ്പനി അധികൃതരുടെ അലംഭാവം കാരണമെന്ന് ബോർഡ് അംഗം
text_fieldsഓയിൽ പാം തോട്ടത്തിലെ തീപിടിച്ച പ്രദേശം ബോർഡ് അംഗം ഡോ. രാജലക്ഷ്മി ഭട്ടും ഉദ്യോഗസ്ഥരും യൂനിയൻ നേതാക്കളും സന്ദർശിക്കുന്നു
അഞ്ചൽ: ഓയിൽപാം എസ്റ്റേറ്റിൽ കുളത്തൂപ്പുഴ ഡിവിഷൻ കണ്ടച്ചിറ എസ്റ്റേറ്റിലെ തീപിടിത്തമുണ്ടായ സ്ഥലങ്ങൾ ഓയിൽ പാം ബോർഡ് അംഗം ഡോ. രാജലക്ഷ്മി ഭട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തിൽ കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും കമ്പനി അധികൃതരുടെ അലംഭാവമാണ് തീ പിടിത്തമുണ്ടാകാൻ കാരണമെന്നും അവർ പറഞ്ഞു.
ഉദ്യോഗസ്ഥർ, തൊഴിലാളികൾ, നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലും കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകണമെന്നും കാര്യക്ഷമമായ പ്രതിരോധപ്രവർത്തനങ്ങൾ മുൻകൂട്ടി നടത്തണമെന്നും അവർ നിർദേശിച്ചു. പഴക്കം ചെന്ന ഓയിൽ പാം ഫാക്ടറി പുതിക്കിപ്പണിയുകയെന്നത് ചെലവേറിയ കാര്യമാണ്. പുതിയ ഫാക്ടറി നിർമിക്കാൻ കേന്ദ്ര സർക്കാറിൽ താൻ സമ്മർദം ചെലുത്തിയിട്ടുണ്ട്.
എന്നാൽ, വെച്ചൂർ റൈസ് മിൽ കമ്പനിക്ക് വലിയ നഷ്ടം വരുത്തിവെക്കുന്നതിനാൽ അത് ശരിയാകുന്ന മുറക്ക് അഗ്രിക്കൾചറൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പുതിയ കമ്പനി നിർമിക്കാൻ ആവശ്യമായ കാര്യങ്ങൾ കേന്ദ്രം ചെയ്യുമെന്നും ഇത്തരത്തിൽ പുതിയ ഫാക്ടറി നിർമിക്കുന്നതോടെ ഉൽപാദനച്ചെലവ് കുറച്ച് കമ്പനിക്ക് അധികനേട്ടം ഉണ്ടാക്കാനാകുമെന്നും അവർ പറഞ്ഞു. ഫാക്ടറി ഓഫിസിലെത്തിയ ബോർഡ് മെംബററോട് തൊഴിലാളികൾ ശമ്പളം വർധിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഓയിൽ പാം സീനിയർ സൂപ്രണ്ട് ജയിംസ് പി. തോമസ്, മാനേജർ മാരായ വിനോയ്കുമാർ, കെ.ആർ. കൃഷ്ണകുമാർ , തൊഴിലാളി നിയൻ നേതാക്കളായ ഏരൂർ സുനിൽ, കേസരി അനിൽ, അഞ്ചൽ സന്തോഷ്, അരുൺ കുളത്തൂപ്പുഴ, പ്രതീഷ് ഭാരതീപുരം, ജയകുമാർ, ശ്രീഹരി അച്ചൻകോവിൽ, ജയകുമാർ, സജിനാഥ് എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.