കാരുണ്യവഴിയിൽ നാൽവർസംഘം
text_fieldsകൊല്ലം: അനാഥരായി കൊല്ലത്ത് മരിക്കുന്നവർക്ക് അന്ത്യയാത്രയൊരുക്കാൻ കാരുണ്യക്കരങ്ങളുമായി നാൽവർസംഘം. ശക്തികുളങ്ങര ഗണേഷ്, ബാബു, മനോജ്, ശ്യാം ഷാജി എന്നിവരാണ് അനാഥരായി മൺമറയുന്നവരെ കർമങ്ങൾ ചെയ്ത് യാത്രയാക്കുക. മറ്റു ജോലികളിൽ വ്യാപൃതരാണെങ്കിലും ഇവരുടെ നിത്യകർമത്തിൽ പെടുന്നതാണ് ഈ കാരുണ്യപ്രവൃത്തികൾ. കൊല്ലം ശക്തികുളങ്ങര സ്വദേശി മരിയാലയം ജങ്ഷന് സമീപത്ത് തുന്നൽകട നടത്തുന്ന ഗണേഷും കാറ്ററിങ് നടത്തിപ്പുകാരനായ ബാബുവും വർഷങ്ങൾക്കു മുമ്പ് ശക്തികുളങ്ങരയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ ഏറ്റെടുത്ത് പൊലീസിന്റെ സഹായത്തോടെ അഗതിമന്ദിരത്തിൽ എത്തിക്കാൻ തുടങ്ങി. പിന്നീട് ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനിൽ നിന്നും ഗണേശന്റെയും ബാബുവിന്റെയും സഹായത്തിനായി വിളികളെത്തി.
ജില്ലയിൽ നിന്ന് സ്ഥലമാറ്റം കിട്ടിപ്പോകുന്നപൊലീസ് ഉദ്യോഗസ്ഥരും ഇവരെ വിളിക്കാൻ തുടങ്ങി. ആരോരുമില്ലാത്തവർക്ക് ആശ്രയമായി ഇവർ മാറി. അപകടങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് എത്തുന്നതിനുമുമ്പ് തന്നെ ശക്തികുളങ്ങര ഗണേശും ബാബുവും എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത് ഇന്നും തുടരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കണ്ട് എറണാകുളം ജില്ലയിലെ കല്ലൂർക്കാട് അഗ്നിശമന നിലയത്തിലെ ഫയർമാൻ മനോജും പൊതുപ്രവർത്തകനായ ശ്യാം ഷാജിയും ഇവരുടെ കൂടെ ചേർന്നു.
പിന്നീട് നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നാലുപേരുംചേർന്ന് ചെയ്തു. അക്കൂട്ടത്തിലാണ് ജില്ല ആശുപത്രിയിലെ മോർച്ചറികളിൽ അനാഥരായി ഇരിക്കുന്ന മൃതശരീരങ്ങൾ പൊലീസിന്റെയും കോർപറേഷന്റെയും ആശുപത്രിയുടെയും എല്ലാവിധ പേപ്പറുകളും വാങ്ങി മതാചാരങ്ങൾ നടത്തി യാത്രയൊരുക്കിയത്. വർഷങ്ങളായി നിരവധി മൃതശരീരങ്ങളാണ് ഇവർ ഇത്തരത്തിൽ മറവുചെയ്തത്. ഇതിന്റെ ചെലവുകളും ഇവർ തന്നെയാണ് കണ്ടെത്തുക. എല്ലാവർഷവും അനാഥരായി മരിച്ചവർക്കായി കർക്കടക വാവിന് ബലിയിടാനും ഇവരുണ്ടാകും. ജില്ല ആശുപത്രി മോർച്ചറി നവീകരണത്തിനായി ഇപ്പോൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. മോർച്ചറിയുടെ പ്രവർത്തനങ്ങൾ നിർത്തുന്നതിന് മുമ്പ് ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പത്തുമാസം ഫ്രീസറിൽ സൂക്ഷിച്ച ഒരു വയോധികന്റെ മൃതശരീരം ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. ചില സാഹചര്യങ്ങളിൽ ജീർണിച്ച മൃതശരീരങ്ങൾ എടുക്കുവാനും ഗണേഷും ഈ സുഹൃത്തുക്കളും എപ്പോഴും ഉണ്ടാകും.
അടുത്തിടെ കാൽ മുറിച്ചതിനെ തുടർന്ന് ഏറ്റെടുക്കാൻ ആളില്ലാതെ ജില്ല ആശുപത്രിയിൽ കഴിഞ്ഞ ചവറ കൊറ്റംകുളങ്ങര സ്വദേശി വിജയകുമാറിനെ അനാഥാലയത്തിൽ എത്തിച്ചതും നെടുമ്പനയിൽ മക്കൾ ഉപേക്ഷിച്ച 100 വയസ്സുകാരിയെയും ജില്ല ആശുപത്രിയിലെ കരാർ തൊഴിലാളിയായിരുന്ന രാധയെയും അനാഥാലയങ്ങളിൽ എത്തിച്ചതും ഇവരായിരുന്നു. ആരുടെയും കൈയിൽ നിന്ന് ഒരു പ്രതിഫലവും വാങ്ങാതെയാണ് ഇവർ സേവനം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.