ഓണക്കിറ്റ്: 80 ലക്ഷം കശുവണ്ടി പാക്കറ്റ് തയാർ
text_fieldsകൊല്ലം: ഓണക്കിറ്റിൽ നിറക്കാനുള്ള 80 ലക്ഷം കശുവണ്ടി പരിപ്പ് പാക്കറ്റുകൾ സജ്ജമായി. 80 ലക്ഷം വീടുകളിലാണ് കാഷ്യൂ കോർപറേഷന്റെയും കാപെക്സിന്റെയും കശുവണ്ടി പരിപ്പ് ഓണത്തിനെത്തുന്നത്. പരമ്പരാഗത രീതിയിൽ സംസ്കരിച്ചെടുക്കുന്ന കശുവണ്ടി പരിപ്പ് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനുള്ള വൻ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആധുനിക സജ്ജീകരണങ്ങളുള്ള സഞ്ചരിക്കുന്ന വിപണന വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് മന്ത്രി പി. രാജീവ് ആഗസ്റ്റ് 16ന് വൈകീട്ട് നാലിന് കോർപറേഷന്റെ അയത്തിൽ ഫാക്ടറിയിൽ നിർവഹിക്കും. കാഷ്യൂ കോർപറേഷന്റെ ഉൽപന്നങ്ങൾ കൺസ്യൂമർഫെഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ വിൽക്കുന്നതിനുള്ള ധാരണപത്രവും മന്ത്രി കൈമാറും.
കിടപ്പുരോഗികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന 'കനിവ് 2022' പദ്ധതിയുടെ ഭാഗമായി 72 രോഗബാധിതർക്ക് 5000 രൂപ വീതം സാമ്പത്തിക സഹായവും ഓണപ്പുടവയും നൽകുന്ന പദ്ധതി മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. എം. നൗഷാദ് എം.എൽ.എ പങ്കെടുക്കും.കോർപറേഷന്റെ ഉൽപന്നങ്ങൾക്ക് ഓണക്കാലത്ത് 30 ശതമാനം സബ്സിഡി നൽകുന്ന പദ്ധതിക്കും അന്ന് തുടക്കം കുറിക്കും.
ഓണക്കാലത്ത് കാഷ്യൂ കോർപറേഷന്റെ ഫാക്ടറികളിലെ സെയിൽസ് ഔട്ട്ലെറ്റുകളിലൂടെയും മറ്റ് അംഗീകൃത ഔട്ട്ലെറ്റുകളിലൂടെയും മെച്ചപ്പെട്ട കശുവണ്ടി പരിപ്പ് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.