ഓപൺ യൂനിവേഴ്സിറ്റിക്കായി സ്ഥലമേറ്റെടുക്കൽ; വസ്തുമൂല്യനിർണയത്തിൽ ഗുരുതര വീഴ്ച
text_fieldsകൊല്ലം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ ആസ്ഥാനം നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ കണ്ടെത്തിയ വസ്തുവിന്റെ മൂല്യം നിർണയിക്കുന്നതിൽ ഗുരുതര വീഴ്ച. ഇതോടെ നഗരത്തിൽ കണ്ടെത്തിയ വസ്തു കൈവിട്ടുപോകുമെന്ന സ്ഥിതിയാണ്. മൂല്യനിർണയത്തിൽ ബോധപൂർവം വീഴ്ചവരുത്തിയെന്ന് ആരോപിച്ച് വില്ലേജ് ഓഫിസർക്കെതിരെ സർവകലാശാല സിൻഡിക്കേറ്റ് തന്നെ രംഗത്തെത്തി.
ആസ്ഥാന മന്ദിരം നിർമിക്കാൻ കൊല്ലം മുണ്ടയ്ക്കൽ വില്ലേജിൽ കണ്ടെത്തിയ സ്ഥലം മൂല്യനിർണയം നടത്തിയ വില്ലേജ് ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സ്ഥലം കൈവിട്ടുപോകാതിരിക്കാൻ പുനർമൂല്യനിർണയം നടത്തി വേഗത്തിൽ ഭൂമി ഏറ്റെടുക്കൽ തീർപ്പാക്കാനും സർക്കാറിനോട് ആവശ്യപ്പെടും.
മുണ്ടയ്ക്കലിലെ സ്വകാര്യവ്യക്തിയുടെ എട്ട് ഏക്കർ 13 സെന്റ് വസ്തുവാണ് സർവകലാശാല ആസ്ഥാനം നിർമിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തി മൂല്യം നിർണയിക്കാൻ റവന്യൂവകുപ്പിലേക്ക് ശിപാർശ ചെയ്തത്. കൊല്ലം നഗരത്തിൽ ഒരു സെന്റ് വസ്തുവിന് ഏഴ് മുതൽ 10 ലക്ഷം രൂപ വരെ നിലവിൽ വിലയുണ്ട്.
എന്നാൽ, സർവകലാശാല കണ്ടെത്തിയ സ്ഥലം സെന്റിന് വെറും 2.25 ലക്ഷം രൂപ മാത്രം വിലയാണ് മുണ്ടയ്ക്കൽ വില്ലേജ് ഓഫിസർ നിശ്ചയിച്ച് നൽകിയത്. മുഴുവൻ വസ്തുവിനും കൂടി മൊത്തവിലയായി ഏകദേശം 17 കോടി രൂപ മാത്രമാണ് നിർണയിച്ചത്. ഇതോടെ ഈ വിലയിൽ ഭൂമി വിട്ടുനൽകാൻ സാധ്യമല്ലെന്ന് ഭൂവുടമ അറിയിച്ചു. 2019ൽ ഇതേ വസ്തു കൊല്ലം കോർപറേഷൻ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കൊല്ലം തഹസിൽദാർ 27.77 കോടി വില നിർണയിച്ച് ഇതനുസരിച്ചുള്ള ലാൻഡ് വാല്യൂ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു.
2019ൽ സെന്റിന് 3.5 ലക്ഷം രൂപയോളം നിശ്ചയിച്ചിരുന്നു. ഈ രേഖകൾ ഉടമ ഹാജരാക്കി.
സർവകലാശാലക്കുവേണ്ടി മൂല്യം നിർണയിച്ച വില്ലേജ് ഓഫിസർ നിക്ഷിപ്ത താൽപര്യത്തോടെ വില കുറച്ചുകാട്ടി ഭൂമി ഏറ്റെടുക്കലിനെ തടസ്സപ്പെടുത്തിയെന്നാണ് സിൻഡിക്കേറ്റ് ആരോപണം. സർവകലാശാലക്ക് ഭൂമി ലഭിക്കാതിരിക്കാൻ ആസൂത്രിത നീക്കം നടത്തിയ വില്ലേജ് ഓഫിസറുടെ നടപടി ദുരുദ്ദേശ്യപരമാണെന്നും യോഗം വിലയിരുത്തി.
ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രമേയം
ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിക്ക് ഏറ്റെടുക്കാൻ വേണ്ടി തെരഞ്ഞെടുത്തുനൽകിയ സ്ഥലത്തിന്റെ മൂല്യം കുറച്ചുനിർണയിച്ച വില്ലേജ് ഓഫിസറുടെ നടപടിക്കെതിരെ സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. സിൻഡിക്കേറ്റ് അംഗം ബിജു കെ. മാത്യുവാണ് പ്രമേയം അവതരിപ്പിച്ചത്. ഓപൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ശ്രീവത്സൻ, ഡോ. എ. പാസ്ലിതിൽ, ഡോ. എം. ജയപ്രകാശ്, ഡോ. സി. ഉദയകല, ഡോ. റെനി സെബാസ്റ്റ്യൻ, പ്രഫ. വിജയൻ, കുമാരി അനുശ്രീ എന്നിവർ പ്രമേയത്തെ അനുകൂലിച്ചു.
വില്ലേജ് ഓഫിസറുടെ നടപടി അപലപനീയമാണെന്നും ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകുമെന്നും ബിജു കെ. മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.