ഓപറേഷൻ ആഗ് സ്പെഷൽ ഡ്രൈവ്; സാമൂഹികവിരുദ്ധരെ പൂട്ടി പൊലീസ്
text_fieldsകൊല്ലം/കൊട്ടാരക്കര: സാമൂഹികവിരുദ്ധരെയും ഗുണ്ടകളെയും ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടും കോടതികളുടെ വാറണ്ട് നിലവിലിരിക്കെ ഒളിവിൽ കഴിയുന്നവർക്കെതിരെയും ജില്ലയിൽ വ്യാപക പൊലീസ് നടപടി. ‘ഓപറേഷൻ ആഗ്’ എന്ന പേരിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെവരെ ജില്ലയിലുടനീളം നടന്ന സ്പെഷൽ ഡ്രൈവിൽ 182 കുറ്റവാളികൾ അറസ്റ്റിലായി.
സിറ്റി പരിധിയിൽ 78 പേരെയും റൂറലിൽ 104 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കാപ്പ കേസിൽ നടപടി നേരിട്ടവരും വാറൻഡ് നിലവിലുണ്ടായിരുന്നവരും പിടിയിലായവരിൽപെടുന്നു. സിറ്റിയിൽ 17 പേരും റൂറലിൽ 14 പേരുമാണ് പിടിയിലായ കുപ്രസിദ്ധ കുറ്റവാളികളെന്ന് പൊലീസ് അറിയിച്ചു. സാമൂഹികവിരുദ്ധരെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് സിറ്റി, റൂറൽ പൊലീസ് മേധാവികൾ അറിയിച്ചു.
സിറ്റിയിൽ നിരീക്ഷിച്ചത് 157 കുറ്റവാളികളെ
സിറ്റിയിൽ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി 157 കുറ്റവാളികളെ പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കി. സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശാനുസരണം കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തിൽ എല്ല പൊലീസ് ഇൻസ്പെക്ടർമാരെയും സിറ്റിയിലെ പരമാവധി പൊലീസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് സ്പെഷൽ ഡ്രൈവ് നടന്നത്.
നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറിയ എട്ടുപേരെ കണ്ണനല്ലൂർ സ്റ്റേഷനിലും ഏഴുപേർ വീതം ശക്തികുളങ്ങര, അഞ്ചാലുംമൂട്, കിളികൊല്ലൂർ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലും ആറുപേരെ ഇരവിപുരം സ്റ്റേഷനിലും അഞ്ചുപേരെവീതം പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ്, ചാത്തന്നൂർ സ്റ്റേഷനുകളിലും നാല് പേരെ വീതം കൊല്ലം വെസ്റ്റ്, കൊട്ടിയം സ്റ്റേഷനുകളിലും മൂന്ന് പേരെ വീതം ചവറ, തെക്കുംഭാഗം, പാരിപ്പള്ളി സ്റ്റേഷനുകളിലും രണ്ടുപേരെ വീതം ഓച്ചിറ, പരവൂർ സ്റ്റേഷനിലുമായാണ് ആകെ 78 പേരെ പിടികൂടിയത്.
സ്ഥിരമായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കാപ്പ നിയമപ്രകാരം നടപടി നേരിട്ടവരും മറ്റ് കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടുള്ളവരുമായ ജില്ലയിലെ പ്രധാന കുറ്റവാളികളായ അരുൺ (27), അരുൺദാസ് (31), ദാസൻ (49), ഷാനു (28), ഹാരിസൺ (32), നിതിൻ (32), പത്മചന്ദ്രൻ (45), ആഷിഖ് (22), ചന്തു (26), ശ്യാം (23), ശബരി (22), പ്രദീപ് (36), അൻസിൽ (20), മെൽബിൻ (28), മിറാഷ് (26), ഇൻഷാദ് (27), ലതികേഷ് (40)എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
കൊട്ടിയം സ്റ്റേഷനിൽ കാപ്പ പ്രകാരം അറസ്റ്റിലായ ഇൻഷാദിനെ കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് മാറ്റി. കൂടാതെ ഗുരുതര കേസുകളിൽ ഉൾപ്പെട്ട ഓരോരുത്തരെ വീതം ശക്തികുളങ്ങര, കിളികൊല്ലൂർ, കണ്ണനല്ലൂർ സ്റ്റേഷനുകളിലും പിടികൂടി.
റൂറലിൽ നിരീക്ഷിച്ചത്120 പേരെ
കൊല്ലം റൂറൽ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിപ്പെട്ട 120ഓളം സാമൂഹികവിരുദ്ധരെയാണ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചത്. 104ഓളം ആൾക്കാരെ അറസ്റ്റ് ചെയ്തതിൽ വാറണ്ട് നിലവിലിരിക്കെ ഒളിവിൽ കഴിഞ്ഞ ആറുപേരും ഉൾപ്പെടുന്നു. കൂടാതെ കാപ്പ നടപടികൾക്ക് വിധേയരായ 14ഓളം പേരെയും മറ്റ് സാമൂഹികവിരുദ്ധർക്കെതിരെയും നടപടി സ്വീകരിച്ചു.
റൂറൽ ജില്ല പൊലീസ് മേധാവി സുനിലിന്റെ നേതൃത്വത്തിൽ ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷൈനു തോമസിന്റെയും പുനലൂർ സബ് ഡിവിഷൻ ഡിവൈ.എസ്.പി വിനോദിന്റെയും കൊട്ടാരക്കര സബ് ഡിവിഷൻ ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിന്റെയും ശാസ്താംകോട്ട സബ് ഡിവിഷൻ ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെയും നേതൃത്വത്തിൽ അതത് സബ് ഡിവിഷൻ പരിധികളിൽ ശക്തമായ പരിശോധന നടത്തി.
കാപ്പ നടപടിക്ക് ശേഷം പുറത്തിറങ്ങിയ ചടയമംഗലം സ്റ്റേഷൻ പരിധിയിലുള്ള ചടയമംഗലം അക്കോണം ഷാൻ മൻസിലിൽ ഷാനവാസ്, പുനലൂർ സ്റ്റേഷൻ പരിധിയിലെ ശിവൻകോവിലിനു സമീപം ഷാഹിദ മൻസിൽ നിസാം എന്നിവരെ അറസ്റ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി.
കൂടാതെ രണ്ട് ബലാത്സംഗ കേസുകളിൽനിന്ന് ജാമ്യം നേടിയശേഷം ഒളിവിൽപോയ പൂയപ്പള്ളി കോട്ടയ്ക്കാവിള അനിൽ ഭവനിൽ അനീഷ് (26), വിദേശ മദ്യവ്യാപാരം നടത്തിയ കേസിൽ ഉൾപ്പെട്ട് ജാമ്യം നേടിയശേഷം ഒളിവിൽപോയ പട്ടാഴി വില്ലേജിൽ മീനം മുറിയിൽ സ്വാമി നഗറിൽ പ്രസന്ന ഭവനിൽ പ്രസന്നൻ (56) എന്നിവരും അറസ്റ്റിലായവരിലുണ്ട്.
ഒളിവിൽ കഴിയുകയായിരുന്ന വധശ്രമക്കേസ് പ്രതി തേവലക്കര അരിനല്ലൂർ മഴവിൽ കടവിൽ വീട്ടിൽ ശ്രീകുമാർ, പോക്സോ കേസ് പ്രതി അറക്കൽ തടിക്കാട് കോട്ടുമല ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.