പൈപ്പിടീലിന്റെ പേരില്‍ ഒപ്റ്റിക്ക് ഫൈബര്‍ കേബിളുകള്‍ നശിപ്പിക്കുന്നു
text_fieldsപൈപ്പിടീലിന്റെ പേരില്‍ ഒപ്റ്റിക്ക് ഫൈബര്‍ കേബിളുകള്‍ വ്യാപകമായി പൊട്ടിനശിച്ച നിലയിൽ
കൊട്ടാരക്കര: പൈപ്പിടീലിന്റെ പേരില്‍ ഒപ്റ്റിക്ക് ഫൈബര്‍ കേബിളുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് തുടര്‍ച്ചയായതോടെ ബി.എസ്.എന്‍.എല്‍ സേവനം സ്ഥിരമായി തടസ്സപ്പെടുന്ന സ്ഥിതിയിൽ. കുളക്കട പഞ്ചായത്തിലെ പെരുംകുളത്താണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിക്കായി പൈപ്പിടല്‍ നടക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും റോഡ് കുഴിക്കൽ ഒരാഴ്ചയായി നടക്കുകയാണ്. ഇതിനിടയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാല് കീറുന്നതിനിടയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ബി.എസ്.എന്‍.എല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ തകർക്കപ്പെട്ടത്.
രണ്ട് ദിവസം മുമ്പ് പെരുംകുളം ക്ഷേത്രത്തിന് സമീപം മുറിഞ്ഞ് മാറിയ ഫൈബര്‍ കേബിളുകള്‍ കേടുപാടുകള്‍ തീര്‍ത്തത് വൈകിട്ടോടെയാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം രാവിലെ മാവേലി ജങ്ഷന് സമീപവും മുറിഞ്ഞ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ശരിയാക്കി കണക്ക്ഷനുകള്‍ പുനസ്ഥാപിച്ചത് വൈകിട്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും പെരുംകുളം സൊറവരമ്പിന് സമീപത്ത് വെള്ളിയാഴ്ച രാവിലെ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് മാന്തിയ വഴിയില്‍ ഫൈബറുകള്‍ മുറിഞ്ഞ്മാറി.
കുളക്കട പൂവറ്റൂര്‍ മേഖലകളിലെ ആയിരക്കണക്കിന് ഉപഭോക്താക്കളേയും,അക്ഷയസെന്ററുകളേയും സര്‍ക്കാര്‍ ഓഫീസുകളേയും ഇത് ബാധിച്ചു. നിരവധി സര്‍ക്കാര്‍ സ്കൂളുകളിലേയും ഇന്റര്‍നെറ്റ് കഫേകളുടേയും പ്രവര്‍ത്തനം താറുമാറായി. പരീക്ഷക്കാലമായിരിക്കെ സ്കൂളുകളിലെല്ലാം ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്തതാണ്. അപ്പോഴാണ് തുടര്‍ച്ചയായി ഇത്തരത്തില്‍ ഗുരുതര വീഴ്ചയുണ്ടാവുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ റോഡ് കുഴിക്കുന്നതാണ് ഇത്തരത്തില്‍ അത്യാവശ്യസര്‍വീസായ ഇന്റര്‍നെറ്റിന്റെ സേവനം തടസ്സപ്പെടുന്നത്. റോഡ് കുഴിക്കുന്നതിന് മുന്‍പ് വാട്ടര്‍ അതോറിറ്റി ബി.എസ്.എൻ. എല്‍ അധികൃതരുടെ അനുവാദം തേടാറുണ്ട്.
കൊട്ടാരക്കര നിന്ന് കുളക്കട ടെലിഫോണ്‍ ഏക്സ്ചേഞ്ചിലേക്കും ടവറുകളിലേക്കുമുള്ള ഒ.എഫ്.സി കേബിളുകള്‍ കടന്ന് പോകുന്ന ലൈനില്‍ റോഡ് കുഴിക്കുമ്പോള്‍ ബി.എസ്.എൻ. എല്ലിന്റെ ട്രാന്സ്മിഷന് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കാണമെന്നാണ് ചട്ടം. എന്നാല്‍ ആരുടേയും മേല്‍നോട്ടമില്ലാതെയാണ് ഇവിടെ റോഡ് കുഴിക്കുന്നത്. ഇനിയും ഈ ഭാഗത്ത് പൈപ്പിടീല്‍ ജോലികള്‍ അവശേഷിക്കെ ഇന്റര്‍നെറ്റ് സംവിധാനം വീണ്ടും തകരാറിലാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.