കൊല്ലം വൈ.എം.സി.എയുടെ ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്
text_fieldsകൊല്ലം: വർഷങ്ങൾ നീണ്ട നിയമവ്യവഹാരങ്ങൾക്കൊടുവിൽ, വൈ.എം.സി. എ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടു.
വൈ.എം.സി.എ സമർപ്പിച്ച റിവ്യൂ അപേക്ഷ തള്ളിയതായി അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. പാട്ടവ്യവസ്ഥകൾ ലംഘിച്ചും നിയമവിരുദ്ധമായുമാണ് സർക്കാർ ഭൂമി വൈ.എം.സി.എ കൈവശം െവച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും പാട്ടക്കരാർ പുതുക്കാനുള്ള അപേക്ഷ നൽകിയില്ലെന്നു മാത്രമല്ല, 1985^86 സാമ്പത്തിക വർഷം മുതൽ പാട്ടത്തുക അടയ്ക്കാതെ 6.03 കോടി പാട്ടക്കുടിശ്ശിക വരുത്തുകയും ചെയ്തു. അതേസമയം, ഭൂമിയിൽ വാണിജ്യാവാശ്യത്തിനുള്ള കെട്ടിടങ്ങൾ നിർമിച്ച്, വാടകയിനത്തിലടക്കം ലക്ഷങ്ങളുെട വരുമാനമുണ്ടാക്കുകയും ചെയ്തു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് 2007ലെ ഭൂമി തിരിച്ചുപിടിക്കാനുള്ള ആദ്യ തീരുമാനം ശരിെവച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ്.
ഭൂമിയുടെ വില 25 കോടി, പാട്ടത്തുക 380 രൂപ
കൊല്ലം ഇൗസ്റ്റ് വില്ലേജ് പരിധിയിൽ എസ്.എൻ.വി പാലസിന് സമീപമുള്ള, 84. 825 സെൻറ് ഭൂമിക്ക് നിലവിൽ 25 കോടി മതിപ്പ് വിലയുണ്ടെന്നാണ് കലക്ടറുടെ റിപ്പോർട്ടിൽ കണക്കാക്കിയിട്ടുള്ളത്. 1930, 1934 വർഷങ്ങളിൽ രാജഭരണകാലത്താണ് വിദേശ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന നാഷനൽ കൗൺസിൽ ഒാഫ് വൈ.എം.സി.എ ഒാഫ് ഇന്ത്യ, ബർമ, സിലോണിന് 99 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകിയത്.
380 രൂപയായിരുന്നു പാട്ടത്തുക. 1960 ലെ കേരള ലാൻഡ് അസൈൻമെൻറ് നിയമം പ്രാബല്യത്തിൽ വന്നതോടെ 1947 കുത്തകപ്പാട്ടം നിയമം പ്രസക്തമല്ലാതായി. തുടർന്ന്, പുതിയ നിയമമനുസരിച്ച് പാട്ടക്കരാർ പുതുക്കണമെന്ന നിബന്ധനയനുസരിച്ച് കരാർ പുതുക്കാൻ ജില്ല കലക്ടറും തഹസിൽദാറും നിരന്തരം ആവശ്യപ്പെട്ടിട്ടും അപേക്ഷ സമർപ്പിക്കാൻ വൈ.എം.സി.എ കൂട്ടാക്കാതെ വന്നതോടെ 2007ലാണ് സർക്കാർ ആദ്യമായി നടപടി സ്വീകരിച്ചത്. 2007 ജൂണിൽ പാട്ടക്കരാർ റദ്ദാക്കി. ഇതിനെതിരെ വൈ.എം.സി.എ ഹൈകോടതിയെ സമീപിച്ചതോടെ 2007 ജൂൺ 20ന് ഉത്തരവ് സ്റ്റേ ചെയ്തു.
തുടർന്ന്, കലക്ടർ നോട്ടീസ് നൽകി. വൈ.എം.സി.എയുടെ ഭാഗം കേട്ട കലക്ടറും 2010 ജനുവരി 28ന് കരാർ റദ്ദാക്കുന്നതായി ഉത്തരവിട്ടു.
ഇതിനെതിരെ സർക്കാറിൽ വൈ.എം.സി.എ റിവിഷൻ പെറ്റീഷൻ സമർപ്പിക്കുകയും ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ ഉത്തരവിട്ട് ഹൈകോടതി ഹരജി തീർപ്പാക്കി. ഇതിനിടെ സർക്കാറിനു മുന്നിൽ നിരവധി അപേക്ഷകളും ഇത് സംബന്ധിച്ച് വൈ.എം.സി.എ സമർപ്പിച്ചു.2020 മാർച്ച് 18ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വൈ.എം.സി.എയുടെ വാദം കേട്ടിരുന്നു.
നിയമം മുറുകെപ്പിടിച്ച്, വാദങ്ങൾ മുറിച്ച് സർക്കാർ
സർക്കാർ ഉത്തരവിലൂടെയല്ല ഭൂമി പാട്ടത്തിന് ലഭിച്ചത്, വിദേശ സൊസൈറ്റിയാണ്, സർക്കാറിന് തിരിച്ചുപിടിക്കാൻ അധികാരമില്ല തുടങ്ങിയ നിരവധി വാദങ്ങൾ വൈ.എം.സി.എ ഉയർത്തി. എസ്.എൻ ട്രസ്റ്റ്, കർബല ട്രസ്റ്റ് എന്നിവർക്കുള്ള അവകാശം തങ്ങൾക്കുമുണ്ടെന്നും അവർ വാദിച്ചു.
കഴിഞ്ഞ മേയ് 10ന് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി വിഡിയോ കോൺഫറൻസ് വഴി വാദം കേട്ടിരുന്നു. എന്നാൽ, നിയമങ്ങളും കലക്ടറുടെ റിപ്പോർട്ടിനെയും അധികരിച്ച് വൈ.എം.സി.എയുടെ വാദങ്ങൾ എല്ലാം ഖണ്ഡിച്ച് സർക്കാർ അന്തിമ തീരുമാനത്തിലെത്തി. നഗരത്തിൽ ലക്ഷങ്ങളുടെ ബാധ്യത വരുത്തി 25ൽ അധികം സർക്കാർ സ്ഥാപനങ്ങൾ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുേമ്പാൾ സർക്കാർ ഭൂമിയിൽ കടകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് വാടകക്ക് നൽകി വൈ.എം.സി.എ ലാഭം കൊയ്യുകയാണെന്ന് കലക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. വാണിജ്യാവശ്യത്തിന് വാടകക്ക് നൽകാൻ പാടില്ല എന്ന പാട്ട വ്യവസ്ഥ ലംഘിച്ച വൈ.എം.സി.എ നിലവിൽ അത് ചെയ്യുന്നില്ല എന്നത് കരാർ റദ്ദാക്കാതിരിക്കാനുള്ള കാരണമല്ലെന്നും തുടർച്ചയായി നിയമലംഘനം നടത്തിയവർക്ക് വീണ്ടും പാട്ടത്തിന് നൽകിയാലും നിയമവിരുദ്ധ പ്രവൃത്തികൾ ആവർത്തിക്കുമെന്നും വ്യക്തമാക്കിയാണ് പൊതുതാൽപര്യം മുൻനിർത്തി 2007ലെ റദ്ദാക്കൽ തീരുമാനം ശരിയാണെന്നുകാട്ടി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.