അവയവദാന ശസ്ത്രക്രിയ സർക്കാർ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും -വീണാ ജോർജ്
text_fieldsചാത്തന്നൂർ: അവയവദാന ശസ്ത്രക്രിയ സാധാരണക്കാർക്കും ഉപയോഗപ്രദമാക്കുന്ന രീതിയിൽ സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ചിറക്കരയിലെ പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിൽ സ്വകാര്യ മേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവാക്കി ചെലവേറിയ രീതിയിലാണ് അവയവമാറ്റ ശസ്ത്രക്രിയയും അതിനോടനുബന്ധിച്ചുള്ള ചികിത്സകളും നടക്കുന്നത്. സാധാരണക്കാർക്ക് പ്രയോജനപ്പെടുത്തക്ക രീതിയിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കൽ കോളജുകളിലും ഇതിനുള്ള ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
രോഗത്തിനുള്ള ചികിത്സക്കൊപ്പം രോഗം വരാതിരിക്കാനുള്ള രോഗപ്രതിരോധ നടപടികൾകൂടി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ശൈലി ആപ്പിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചിറക്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് സൗകര്യം ഏർപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തി ഇ ഹെൽത്ത് പദ്ധതികൂടി നടപ്പാക്കിക്കൊണ്ട് പേപ്പർ രഹിത ആശുപത്രിയാക്കി മാറ്റുമെന്നും വീണ ജോർജ് പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, ജില്ല പഞ്ചായത്ത് അംഗം ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശർമ, സി. ശകുന്തള, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീൺ, പഞ്ചായത്ത് അംഗം എൽ. രാഗിണി, എം.ആർ. രതീഷ്, നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം ഓഫിസർ ദേവ് കിരൺ, പഞ്ചായത്ത് സെക്രട്ടറി ആർ. സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സുശീലദേവി, മെഡിക്കൽ ഓഫിസർ ഡോ. അഞ്ജനബാബു എന്നിവർ സംസാരിച്ചു. ആശുപത്രിക്കുവേണ്ടി വസ്തു വിട്ടുനൽകിയ ഡോ. രവീന്ദ്രനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.