അമിതഭാരം: തമിഴ്നാട് ലോറികൾ ആര്യങ്കാവ് ചെക്പോസ്റ്റിൽ തടഞ്ഞിട്ടു
text_fieldsപുനലൂർ: തമിഴ്നാട്ടിൽ നിന്ന് അധികമായി പാറയുൽപന്നങ്ങൾ കയറ്റിവന്ന ലോറികൾ ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റിൽ പ്രാദേശിക ലോറിക്കാർ തടഞ്ഞിട്ടു. കേരളത്തിലുള്ള ലോറികൾക്ക് തമിഴ്നാട്ടിൽ ആവശ്യത്തിന് ലോഡ് നൽകുന്നില്ലെന്നും അവിടുള്ള പൊലീസ് അടക്കം അധികൃർ പീഡിപ്പിക്കുന്നതായി ആരോപിച്ചുമായിരുന്നു പ്രതിഷേധം. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ കേരളത്തിലേക്ക് അധിക ലോഡുമായി വന്ന മുപ്പതോളം ലോറികളാണ് സമരക്കാർ തടഞ്ഞത്. സാധാരണ നിലയിൽ ഈ ലോറികൾ അധിക ഭാരം കയറ്റിയതിന് ചെക്പോസ്റ്റിൽ നൽകേണ്ട പിഴ പലപ്പോഴും നാമമാത്രമായി നൽകിയാണ് കടന്നുപോകുന്നത്. ഇതുകാരണം സർക്കാർ ഖജനാവിനും വൻ വരുമാന നഷ്ടം നേരിടുന്നു.
എന്നാൽ ഈ സ്ഥാനത്ത് കേരളത്തിൽ നിന്നുള്ള ലോറികളാണെങ്കിൽ പുളിയറ ചെക്പോസ്റ്റിൽ തമിഴ്നാട് പൊലീസും മോട്ടോർ വെഹിക്കിൾ അധികൃതരും മണിക്കൂറുകളോളം തടഞ്ഞിട്ട ശേഷം വൻതുക പിഴയീടാക്കിയാണ് കടത്തിവിടുന്നത്.
ഇതിലുപരി കേരളത്തിൽ നിന്നുള്ള ലോറികൾക്ക് പാറയുൽപന്നങ്ങൾ നൽകാതെ അവിടുള്ള ക്വാറി ഉടമകൾ അവഗണിക്കുന്നതായും ലോറി ജീവനക്കാർ പറയുന്നു.
ദിവസവും മുന്നൂറോളം ലോറികൾ പാറയുൽപന്നങ്ങളുമായി ആര്യങ്കാവ് വഴി വരുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും തമിഴ്നാട് ലോറികളാണ്.
ക്വാറി ഉടമകൾ തന്നെ ഒന്നിലധികം ലോറികൾ സ്വന്തമാക്കി അതിൽ അമിത അളവിൽ ഉൽപന്നങ്ങൾ കടത്തിവരുകയാണ്. പ്രതിഷേധമറിഞ്ഞ് തെന്മല പൊലീസ് എത്തിയിട്ടും ലോറികൾ കടത്തിവിടാൻ സമരക്കാർ തയാറായില്ല. വൈകുന്നേരത്തോടെ മോട്ടോർ വെഹിക്കിൾ അധികൃതരെത്തി അധികഭാരമുള്ളതിന് പിഴയീടാക്കി, ലോറിക്കാർക്ക് താക്കീത് നൽകി കടത്തിവിട്ടു.
അമിത ഭാരം കയറ്റിയ ലോറികൾ അപകട ഭീഷണിയാകുന്നതായി ആരോപിച്ച് മുമ്പ് ഡി.വൈ.എഫ്.ഐക്കാരും ചെക്പോസ്റ്റിൽ തടഞ്ഞിരുന്നു. പാറയുൽപന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട്ടിലുള്ള സംഘടനകൾ 16ന് പുളിയറ ചെക്പോസ്റ്റിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ തമിഴ്നാട്ടിൽ നിന്നുള്ള എല്ലാ ചരക്കുവാഹനങ്ങളും അതിർത്തിയിൽ തടയാൻ പ്രാദേശിക ലോറി ഡ്രൈവർമാരുടെ സംഘടനയും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.