ഉടമസ്ഥാവകാശ തർക്കം: ആനയുടെ ഇടക്കാല കസ്റ്റഡി അപേക്ഷ വീണ്ടും പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഉടമസ്ഥാവകാശ തർക്കത്തിനിടെ ആനയുടെ ഇടക്കാല കസ്റ്റഡി സംബന്ധിച്ച അപേക്ഷ കൊല്ലം കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി മൂന്നാഴ്ചക്കകം വീണ്ടും പരിഗണിച്ച് തീർപ്പാക്കണമെന്ന് ഹൈകോടതി. ഇടക്കാല കസ്റ്റഡി ആവശ്യപ്പെട്ട് മാതാ അമൃതാനന്ദമയി മഠത്തിന് വേണ്ടി അന്തേവാസിയായ ആലപ്പുഴ സ്വദേശി ജയകൃഷ്ണ മേനോൻ നൽകിയ അപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
മാതാ അമൃതാനന്ദമയി മഠത്തിന് സംഭാവനയായി ലഭിച്ച രാമൻ എന്ന ആനയുടെ ഉടമസ്ഥതയെച്ചൊല്ലിയാണ് തർക്കം. മദപ്പാടുള്ള രാമന്റെ സംരക്ഷണം പുതുക്കാട് സ്വദേശി കൃഷ്ണൻകുട്ടിയെ ഏൽപിച്ചിരുന്നു. രാമനെ പാപ്പാന്മാരും കൃഷ്ണൻകുട്ടിയുടെ മറ്റ് ജീവനക്കാരും ക്രൂരമായി ഉപദ്രവിക്കുന്നെന്ന വാർത്തകളെത്തുടർന്ന് മഠം ആനയെ തിരികെ ആവശ്യപ്പെട്ടെങ്കിലും കൃഷ്ണൻകുട്ടി നൽകിയില്ല. തുടർന്ന് കേസ് നടത്താൻ മഠം ഹരജിക്കാരനെ ചുമതലപ്പെടുത്തി.
ആനയെ വിട്ടുകിട്ടാൻ കേസ് കൊടുത്തതിനൊപ്പം ഇടക്കാല കസ്റ്റഡിക്കുവേണ്ടി കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജിക്കാരൻ അപേക്ഷയും നൽകി. ആനയെ വിട്ടുകൊടുക്കുന്നത് എതിർത്ത കൃഷ്ണകുട്ടി ചില രേഖകൾ ഹാജരാക്കി. അമൃതാനന്ദമയി മഠം ആനയെ തൃശൂർ സ്വദേശി കെ.വി. സദാനന്ദന് ഇഷ്ടദാനം നൽകിയതാണെന്നും സദാനന്ദൻ ആനയെ തനിക്ക് കൈമാറിയെന്നുമുള്ള രേഖകളാണ് കൃഷ്ണൻകുട്ടി ഹാജരാക്കിയത്.
എന്നാൽ, ആനയുടെ ഉടമസ്ഥാവകാശം മഠത്തിനാണെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓണർഷിപ് സർട്ടിഫിക്കറ്റും ആനക്ക് മൈക്രോ ചിപ് ഘടിപ്പിച്ചതിന്റെ രേഖകളും ഹരജിക്കാരൻ ഹാജരാക്കി. എന്നിട്ടും മജിസ്ട്രേറ്റ് കോടതി ആനയുടെ കസ്റ്റഡി അനുവദിക്കണമെന്ന അപേക്ഷ തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ആനയുടെ ഉടമസ്ഥത മഠത്തിനാണെന്ന് രേഖകളിൽനിന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് അഭിപ്രായപ്പെട്ട കോടതി തുടർന്നാണ് ഹരജി വീണ്ടും പരിഗണിച്ച് തീർപ്പാക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.