പ്രായത്തെ വെല്ലുന്ന മനസ്സ്; വീണ്ടും താരമായി അബ്ദുൽ ഖാദർ
text_fieldsഓയൂർ: സമപ്രായക്കാരായ സുഹൃത്തുക്കൾ വിശ്രമജീവിതം തുടരുമ്പോൾ വെളിനല്ലൂർ പഞ്ചായത്തിലെ അമ്പലംകുന്ന് പ്ലാമുറ്റത്ത്വീട്ടിൽ അബ്ദുൽ ഖാദർ (72) ഇനിയും ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. ഫെബ്രുവരിയിൽ ഗോവയിൽ നടന്ന നാഷനൽ മാസ്റ്റേഴ്സ് മീറ്റിൽ ഹൈജംപിൽ രണ്ടാംസ്ഥാനവും ഹർഡ്ൽസിൽ മൂന്നാംസ്ഥാനവും നേടി അബ്ദുൽ ഖാദർ നാട്ടിൽ താരമാണ്.
2022 തിരുവനന്തപുരത്ത് നടന്ന നാലാമത് മാസ്റ്റേഴ്സ് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് സൈക്കിളങ്ങിൽ ഒന്നാംസ്ഥാനവും ഹൈജംപിൽ രണ്ടാംസ്ഥാനവും ഓട്ടത്തിൽ മൂന്നാംസ്ഥാനവും നേടിയിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കായികയിനങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് അഴിച്ചുവെച്ച ജഴ്സി അബ്ദുൽ ഖാദറിന് വീണ്ടും അണിയാൻ കോവിഡ് കാലം നിമിത്തമായി. തന്നെ േപ്രാത്സാഹിപ്പിച്ച് ഈ രംഗത്തേക്ക് വീണ്ടും കൈപിടിച്ചുയർത്തിയത് കൊല്ലം എസ്.എൻ കോളജ് ജങ്ഷനിലെ സ്പോർട്സ് ക്ലബ് അംഗങ്ങളാണെന്ന് അബ്ദുൽ ഖാദർ പറയുന്നു.
റെയിൽവേ പ്രാട്ടക്ഷൻ സ്പെഷൽ ഫോഴ്സിലെ ജീവനക്കാരനായിരുന്ന അബ്ദുൽ ഖാദർ ജോലി രാജിവെച്ച് റിയാദിലും ജിദ്ദയിലും പ്രവാസ ജീവിതം നയിച്ചു. മൂന്ന് പതിറ്റാണ്ടിനുശേഷം നാട്ടിലെത്തിയിട്ടും വെറുതെയിരുന്നില്ല. ഓട്ടത്തിലും സൈക്കിൾ സവാരിയിലും ഹൈജംപിലും നിരന്തരമായ പരിശ്രമങ്ങളിലൂടെ നേട്ടങ്ങൾ കരസ്ഥമാക്കി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയായിരുന്നു അബ്ദുൽ ഖാദറിന്റെ ആഗ്രഹം. ആയിഷാ ബീവിയാണ് ഭാര്യ. ജാഫർഖാൻ, ജാസ്മി എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.