ആയിരവില്ലിപ്പാറ ടൂറിസം കേന്ദ്രമാകുന്നു
text_fieldsഓയൂർ: ഇളമാട് പഞ്ചായത്തിലെ ചെറിയവെളിനല്ലൂർ ശ്രീ ആയിരവില്ലിപ്പാറയെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലം കാണുന്നു. ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ചെറിയ വെളിനല്ലൂർ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ഭാരവാഹികൾ മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും സമർപ്പിച്ച നിവേദനത്തിന്റെ ഭാഗമായാണ് ഡപ്യൂട്ടി ഡയറക്ടർ എസ്. പ്രമീള, അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫിസർ ടി.ആർ. റെജി എന്നിവർ സ്ഥലം സന്ദർശിച്ചത്.
സമുദ്രനിരപ്പിൽനിന്ന് 1000 അടി ഉയരത്തിൽ 62 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഒറ്റ പാറയാണ് ആയിരവില്ലി. കിഴക്കുഭാഗത്ത് ആറ് ഏക്കറോളം ചെറുവനമാണ്. മുകൾഭാഗം ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയുന്ന തരത്തിൽ നിരന്ന പ്രദേശമാണ്. വലിയ ടൂറിസം വികസന സാധ്യതകളാണ് ഇവിടെയുള്ളത്. ഇക്കോ ടൂറിസത്തിനും അഡ്വഞ്ചർ ടൂറിസത്തിനും അനുയോജ്യമായ പ്രദേശമാണ്. ആയിരവില്ലിപ്പാറയിൽ ടൂറിസം വികസനത്തിന് അനന്തസാധ്യതകളാണുള്ളതെന്നും ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
ടൂറിസം വകുപ്പ് സംഘാംഗങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണ സമിതി രക്ഷാധികാരി പി.ജെ. ചാക്കോ, സെക്രട്ടറി ആർ. ശിവശങ്കരപിള്ള, ട്രഷർ ആർ. മധു, ജോ. സെക്രട്ടറി എ. ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.