മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; വീടുകൾക്ക് കേടുപാടുകൾ
text_fieldsഓയൂർ: കഴിഞ്ഞ ദിവസങ്ങളായി പെയ്ത് കൊണ്ടിരുന്ന ശക്തമായ മഴയിലും കാറ്റിലും പൂയപ്പള്ളി, വെളിയം, വെളിനല്ലൂർ, കരീപ്ര മേഖലകളിൽ നിരവധി വീടുകൾ തകർന്നു. കൃഷി ഇടങ്ങൾ വെള്ളത്തിനടിയിലായി.
പൂയപ്പള്ളി സാമിൽ ജംഗ്ഷനിൽ ചരുവിള വീട്ടിൽ രമണിയുടെ (മേരി) വീടിൻ്റെ അടുക്കളയുടെ ചിമ്മിനി ഉൾപ്പെടെ നിലംപതിച്ചു. ഗൃഹോപകരണങ്ങൾ നശിച്ചു. ഓടിട്ട വീടിന്‍റെ ബാക്കി ഭാഗം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു അപകടം.
മീയണ്ണൂർ പാലമുക്കിൽ ഷിബു വിലാസത്തിൽ ബാബുവിൻ്റെ വീട് ഭാഗികമായി തകർന്നു. കൊട്ടറ കൃഷ്ണവിലാസത്തിൽ രവീന്ദ്രൻ്റെ ഓടിട്ട വീടിൻ്റെ മേൽക്കുര പൂർണ്ണമായും തകർന്നുവീണു. കൊട്ടറയിൽ പാരിജാതത്തിൽ സൈനികൻ കിരൺ കമലിൻ്റെ വീട്ടിലേക്ക് മൺതിട്ട ഇടിഞ്ഞ് വീണ് വീടിൻ്റെ സൺ ഷെയ്ഡിനും ഭിത്തികൾക്കും കേടുപാട് സംഭവിച്ചു. ഒരു വർഷം മാത്രം പഴക്കമുള്ള വീടാണ്.
വെളിനല്ലൂർ ആറ്റൂർക്കോണം കുന്നുംപുറത്ത് വീട്ടിൽ ഫാത്തിമ ബീവിയുടെ വീട് ഭാഗികമായി തകർന്നു. നെടുമൺകാവ് ആറിൻ്റെ മൂഴി ഭാഗത്ത് മാടൻവിള ഏലായിലെ കൃഷിയിടങ്ങൾ ഒരാഴ്ചയിലധികമായി വെള്ളത്തിനടിയിലാണ്. പ്രദേശത്തെ ഒട്ടുമിക്ക നിലങ്ങളിലെയും, മരച്ചീനി, ചേമ്പ്, ചേന, പച്ചക്കറികൾ, വാഴ തുടങ്ങിയ എല്ലാവിധ കൃഷികളും നശിച്ചു.
ഇത്തിക്കരയാറിൻ്റെ തീരപ്രദേശങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. സമീപ പ്രദേശങ്ങളിലെ നിലങ്ങളിലെ കാർഷിക വിളകളും റബ്ബർ പുരയിടങ്ങളും വെള്ളത്തിലിടയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.