യുവാവിനെ ആക്രമിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ
text_fieldsഓയൂർ: റോഡുവിള പുലിക്കുടിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. പുലിക്കുടി സ്വദേശികളായ ജാസ്മിൻ മൻസിലിൽ ജാസിൻ(32), കുന്നിൽ ചരുവിള വീട്ടിൽ ഷിജു (36), ജാസ്മിൽ മൻസിലിൽ അജ്മൽ ഖാൻ (25), ജാസ്മിൽ മൻസിലിൽ റിയാസ് ഖാൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. മുഖ്യ പ്രതി ജാഫർ ഖാൻ ഒളിവിലാണ്.
പുലിക്കുടി മുനീർ മൻസിലിൽ മുനീറിനാണ് (23) ആക്രമണത്തിൽ പരിക്കേറ്റത്. പെരുമാതുറയിൽ താമസക്കാരനായ മുനീർ ലൈസൻസിന്‍റെ ആവശ്യത്തിനായി റോഡുവിള പുലിക്കുടിയിലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കെ പുലിക്കുടി ജങ്ഷനിലായിരുന്നു സംഭവം. ജങ്ഷനിൽ അലങ്കാര പണികൾ നടക്കുകയായിരുന്നു. ജാസിൻ അലങ്കാര ലൈറ്റുകൾ പൊട്ടിക്കുന്നത് മുനീർ തടഞ്ഞതാണ് മർദ്ദനത്തിന് കാരണം.
അടിയേറ്റു മുനീർ ബോധം കെട്ട് വീണു. കഴിഞ്ഞ ദിവസം രാത്രിയിൽ തന്നെ പൂയപ്പള്ളി പാെലീസിൽ പരാതി നൽകുകയും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
മുനീറിന്‍റെ മാതാവ് തിരുവനന്തപുരത്ത് എത്തി ദക്ഷിണ മേഖലാ ഐ.ജി അർഷിത അട്ടല്ലൂരിക്കും നേരിട്ട് പരാതി നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുനീർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.