ശുചിത്വ മിഷന്റെ പേരിൽ അനധികൃത പണപ്പിരിവ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsഓയൂർ: വെളിനല്ലൂരിൽ ശുചിത്വ മിഷന്റെ പേരിൽ അനധികൃത പണപ്പിരിവ്. ഇതുമായി ബന്ധപ്പെട്ട് ചേറാട്ടുകുഴി വടക്കതിൽ വീട്ടിൽ അൻഷാദ് (34), കിളിമാന്നൂർ പള്ളിക്കൻ കിഴക്കേക്കോണം കോണത്ത് വീട്ടിൽ അൽ-അമീൻ (44) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്:
വെളിനല്ലൂർ പഞ്ചായത്ത് ഓഫിസിൽനിന്ന് വരുകയാണെന്ന് പറഞ്ഞ് ശുചിത്വ മിഷന്റെ പേരിൽ രസീത് നൽകിയാണ് കടകളിലും വീടുകളിലും ഇവർ പണപ്പരിവ് നടത്തിയത്. റോഡുവിള മാർക്കറ്റിലെ കടളിൽ കയറി ചന്തയുടെ ശുചിത്വമില്ലായ്മ ചൂണ്ടികാട്ടിയ ശേഷം തുക പറ്റുകയാണ് ചെയ്തത്.
ആദ്യ ഗഡുവായി 750 രൂപ നൽകണമെന്നും ഇനി മാർക്കറ്റ് വൃത്തിയാക്കിയില്ലെങ്കിൽ രണ്ടാംഗഡുവായി ബാക്കി തുക നൽകണമെന്ന് പറഞ്ഞായിരുന്നു പിരിവ്. തുടർന്ന് ഇവർ രണ്ടുപേരും വിവിധ കടകളിൽ കയറി 1500 രൂപ വേറെയും പിരിച്ചു.
റോഡുവിള മാർക്കറ്റിലെ ചില കച്ചവടക്കാർക്ക് സംശയം തോന്നി വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് അൻസറിനെ വിവരമറിയിച്ചു .പഞ്ചായത്ത് പ്രസിഡൻറിന്റെ അറിവോടെയല്ല പിരിവ് നടത്തുന്നതെന്ന് അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഇരുവരെയും തടഞ്ഞുവെച്ചു. ഇവരുടെ കൈയിൽ ദേശീയ പരിസ്ഥിതി സംരക്ഷണ സംഘം എന്ന രസീതും ഉണ്ടായിരുന്നു.
ജില്ലയിലെ പലയിടങ്ങളിലും ഇവർ നോട്ടീസും രസീതും നൽകി പണപിരിപ്പ് നടത്തിയിട്ടുണ്ട്. ബലാത്സംഗം ഉൾപ്പടെയുള്ള കേസിലെ പ്രതിയാണ് അൽഅമീൻ. എസ്.ഐമാരായ അനീസ്, വിനീഷ് പാപ്പച്ചൻ, കൃഷ്ണകുമാർ, സി.പി.ഒ ബിനീഷ്, എസ്.പി.ഒമാരായ അജിരാജ്, ബനീഷ്, അജിരാജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.