കരീപ്ര നെൽവയൽ കരിഞ്ഞുണങ്ങി
text_fieldsഓയൂർ: കരീപ്ര പഞ്ചായത്തിലെ പാട്ടുപുരക്കൽ ഏലയിലെ 32 ഹെക്ടർ നെൽകൃഷി കെ.ഐ.പി കനാൽ ജലം ലഭിക്കാത്തതിനെ തുടർന്ന് കരിഞ്ഞുണങ്ങുന്നു. 71 കർഷകരാണ് ഇവിടെ നെൽകൃഷി ചെയ്യുന്നത്. ഒരു വർഷം കർഷകരുടെ ആവശ്യം കഴിഞ്ഞ് 40 ടൺ നെല്ല് സർക്കാറിന് നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം നൽകിയ നെല്ലിന്റെ തുക ഇതുവരെ നൽകിയിട്ടില്ല. പ്രധാനമായും കനാലിൽ നിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് രണ്ടാം വിളയിറക്കുന്നത്. ഏല തോട്ടിലേക്ക് വെള്ളമെത്തിക്കുന്ന ഉപ കനാലുകൾ തുറക്കാൻ വൈകിയതുമൂലം ആവശ്യത്തിന് വെള്ളം ലഭിക്കാതെ 71 കർഷകർ ബുദ്ധിമുട്ടുകയാണ്.
പല പ്രാവശ്യം കനാൽ തുറന്ന് ഉപകനാലിലേക്ക് വെള്ളം എത്തിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് വെള്ളം തുറന്നുവിട്ടത്. ഇത് ഏലായിലേക്കെത്താൻ ഇനിയും സമയമെടുക്കും. വിത്ത് വിതച്ചയുടൻ വന്ന ജലദൗർലഭ്യം വിളവിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. മഴ മൂലം ഒന്നാം വിളയിൽ ഉൽപാദനം കുറഞ്ഞിരുന്നതായി കർഷകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.