വികസനം എന്ന് മരുതിമല കയറും...?
text_fieldsഓയൂർ: പ്രകൃതി കനിഞ്ഞുനൽകിയ നയനമനോഹര പ്രദേശത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അധികൃതർക്ക് സാധിക്കാത്തതിന്റെ ബാക്കിപത്രമായി മരുതിമല. 2007ൽ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വം കേരളത്തിലെ ആദ്യത്തെ ഹരിത ഗ്രാമം പദ്ധതിയും ഇക്കോ ടൂറിസം പ്രഖ്യാപനവും നടത്തിയ പ്രദേശത്തിനാണ് ഒന്നര പതിറ്റാണ്ടിന് ശേഷവും മേൽഗതിയില്ലാത്ത സ്ഥിതി തുടരുന്നത്.
2022 ലും പദ്ധതി അനാഥ കെട്ടിടങ്ങളിൽ ഉറങ്ങുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഏറെ കാഴ്ചകൾ ഭൂനിരപ്പിൽനിന്ന് ആയിരം അടി മുകളിൽ 36 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന മരുതിമലയിലുണ്ട്. സമൂഹമാധ്യമം വഴി കണ്ടറിഞ്ഞ് നിരവധി സന്ദർശകർ മരുതിമലയിൽ എത്തുന്നുണ്ട്. ഇവ പ്രയോജനപ്പെടുത്താൻ കാര്യക്ഷമമായി പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നത് നാടിന് മുഴുവൻ നിരാശ നൽകുകയാണ്.പി. അയിഷാപോറ്റി എം.എൽ.എ ആയിരിക്കെയാണ് മരുതിമല ഇക്കോ ടൂറിസം പദ്ധതിക്ക് തുക അനുവദിച്ചത്. ആദ്യ ഘട്ടത്തിന് മാത്രം 36 ലക്ഷം രൂപ അനുവദിച്ചു. 2016ൽ ആദ്യം നിർമിച്ച കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.
തുടർന്ന് ടൂറിസം വകുപ്പുമായി ചേർന്ന് വെളിയം പഞ്ചായത്ത് അവ പുതുക്കിപ്പണിതു. സാമൂഹിക വിരുദ്ധരുടെ ശല്യം കുറക്കുന്നതിന് മലമുകളിൽ സി.സി.ടി.വി കാമറകളും സ്ഥാപിച്ചു. മലമുകളിലേക്ക് വാഹനങ്ങൾ കയറുന്നതിനായി വഴിവെട്ടൽ, വേലി കെട്ടി തിരിക്കൽ, കെട്ടിട നിർമാണം എന്നിവ മാത്രമായി വികസനം മരവിച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപ മരുതിമലക്കും കൊട്ടാരക്കര മീൻപിടിപ്പാറക്കുമായി അനുവദിച്ചിരുന്നു. എന്നാൽ, പദ്ധതികളൊന്നും മലകയറി എത്തിയില്ല. രണ്ടാം ഘട്ടത്തിൽ, പാറ ഖനനം ചെയ്ത ഭാഗത്തായി ബോട്ട് സർവിസ്, റോപ്പ് വേ എന്നിവ ഒരുക്കുമെന്ന പ്രഖ്യാപനം വാക്കുകളിൽ മാത്രം ഒതുങ്ങി. പ്രദേശവാസികൾ മരുതിമല സംരക്ഷണസമിതി കൂടിയെങ്കിലും അതിന്റെ പ്രവർത്തനങ്ങളും മന്ദീഭവിച്ച നിലയിലാണ്.
വരുമാനം കണ്ടെത്താനാകാതെ പഞ്ചായത്ത്
റവന്യൂ ഭൂമിയായ മരുതിമല ടൂറിസം പദ്ധതിക്കായി വെളിയം പഞ്ചായത്തിന് 20 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. 2008 മുതൽ മരുതിമലയിൽ നടപടികൾ ആരംഭിച്ചെങ്കിലും അതിലൂടെ വരുമാനം കണ്ടെത്താൻ പഞ്ചായത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതിദിനം രണ്ടായിരത്തോളം സന്ദർശകർവരെ എത്തുന്നുണ്ട്.
മലമുകളിൽ സന്ദർശകർക്ക് ദാഹജലം നൽകാനുള്ള സംവിധാനം പോലും ഒരുക്കാതെയാണ് പഞ്ചായത്ത് വരുമാനം പ്രതീക്ഷിക്കുന്നത് എന്നതാണ് ഇതിലെ തമാശ. കുടിവെള്ളം വേണമെങ്കിൽ മലമുകളിൽനിന്ന് 1000 അടി താഴ്ചയിൽ ഇറങ്ങി കുപ്പിവെള്ളം പണം കൊടുത്ത് വാങ്ങി വീണ്ടും മലകയറണം. സന്ദർശകർക്ക് മലമുകളിലെ ഐതിഹ്യങ്ങൾ വിശദീകരിച്ച് നൽകാനും പ്രധാന മലയിടുക്കുകളും മറ്റും കാണിച്ചു തരുന്നതിനുമായി ഗൈഡിനെ നിയമിക്കണമെന്ന ആവശ്യവും ഇതുവരെ നടന്നിട്ടില്ല.
മലമുകളിൽ യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണ് എന്നതും വെല്ലുവിളിയാണ്. മരുതിമലയുടെ അടിഭാഗത്തായി റബർ മരങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ ആദായം എടുക്കുന്നത് സ്വകാര്യവ്യക്തികളാണ്. മലയുടെ ചുറ്റുവട്ടത്തായി ആയിരക്കണക്കിന് റബർ മരങ്ങളാണ് ഉള്ളത്. മരുതിമലയിൽനിന്ന് തടി മുറിച്ച് കടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇതിനിടെ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ കലാകാരന്മാർ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ മലമുകളിൽ സന്ദർശകർക്കായി വിൽപനക്ക് വെക്കാനാണ് പദ്ധതി. മലയുടെ മുകളിൽ ഏറുമാടങ്ങൾ കെട്ടി രാത്രി കാലത്ത് താമസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ ആലോചനയിലുണ്ട്.
സാമൂഹികവിരുദ്ധരുടെ ഇഷ്ടസങ്കേതം
പ്രദേശവാസികൾക്കും പൊലീസിനും ഒരുപോലെ തലവേദനയായിരിക്കുകയാണ് സാമൂഹികവിരുദ്ധർ. ദൂരെ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ മദ്യവുമായി എത്തി മലയിടുക്കുകളിലും മറ്റും കുടിച്ചശേഷം കുപ്പികൾ വലിച്ചെറിയുന്ന സംഭവങ്ങൾ നിരവധിയാണ്. കഞ്ചാവ് ലോബികളുടെ കൊട്ടാരക്കര താലൂക്കിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മരുതിമല. വിദ്യാർഥികൾക്കും മറ്റും സുലഭമായി കഞ്ചാവ് ലഭിക്കുന്ന ഇടമായി ഇവിടം മാറി.
രാത്രികാലത്ത് പരിശോധനയൊന്നുമില്ലാത്തത് ഇവർക്ക് അനുഗ്രഹമാണ്. മലയിലേക്ക് പഞ്ചായത്ത് വഴിവെട്ടിയത് കൂടാതെ, സമീപത്തായി സ്വകാര്യവ്യക്തിയും മലമുകളിലേക്ക് വാഹനങ്ങൾ പോകുന്നതിനായി വഴിവെട്ടിയിരുന്നു. പഞ്ചായത്ത് വെട്ടിയ വഴിയിൽ കൂടുതലും കൽപടവുകളായതിനാൽ സ്വകാര്യവ്യക്തിയുടെ ഭൂമിവഴിയാണ് സാമൂഹിക വിരുദ്ധർ വാഹനങ്ങളിൽ മുകളിലെത്തിയിരുന്നത്. തുടർന്ന് നാട്ടുകാരുടെ പരാതിയിൽ ഈ വഴി അടച്ചു.
സാമൂഹിക വിരുദ്ധ ശല്യത്തിന്റെ ഏറ്റവും വലിയ അപകടമായി മാറുന്നത് പുല്ലിന് തീയിടുന്നതാണ്. വർഷം തോറും കൂറ്റൻ മരങ്ങളും ഔഷച്ചെടികളും കെട്ടിടങ്ങളും നശിക്കുന്നതും സ്ഥിരം കാഴ്ചയാണ്. സന്ദർശകർ മുകളിൽ നിൽക്കുമ്പോഴാണ് പലപ്പോഴും തീപിടിത്തം ഉണ്ടാകാറ്.
ഇത് ഭാവിയിൽ പല ദുരന്തങ്ങൾക്കും കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. തീപിടിത്തം ഉണ്ടായാൽ രക്ഷാപ്രവർത്തകർക്ക് എളുപ്പത്തിൽ മലമുകളിൽ എത്താനാകില്ല. സാമൂഹിക വിരുദ്ധശല്യവും ഭക്ഷണക്ഷാമവും കാരണം വാനരന്മാർ മലയിറങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ മുട്ടറ, ഓടനാവട്ടം മേഖലയിൽ ഈ വാനരന്മാർ കൃഷി നശിപ്പിക്കുന്നത് ഉൾപ്പെടെ ശല്യം കാരണം നാട്ടുകാർ ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.