ദുർഗന്ധവും മാലിന്യവും; ഇളമാട് പന്നിഫാം നാട്ടുകാർ ഉപരോധിച്ചു
text_fieldsഓയൂർ: ഇളമാട് പ്രദേശമാകെ ദുർഗന്ധം വ്യാപിച്ചതിനെത്തുടർന്ന് പന്നിഫാം നാട്ടുകാർ ഉപരോധിച്ചു. ചീഞ്ഞഴുകുന്ന ക്വിന്റൽ കണക്കിന് മാലിന്യം പൊലീസ് പരിശോധനയിൽ കണ്ടെത്തി.
ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും റിപ്പോർട്ടിനെത്തുടർന്ന് ചടയമംഗലം പൊലീസ് ഫാം ഉടമയുടെ പേരിൽ കേസെടുത്തു. ഇളമാട് പഞ്ചായത്ത് ഏഴാം വാർഡിൽ ഇടത്തറപ്പണ-കവലയ്ക്കപ്പച്ച റോഡിൽ തോട്ടം മുക്കിന് സമീപം പ്രവർത്തിക്കുന്ന പന്നി ഫാമിനെതിരെയാണ് നടപടി. രൂക്ഷമായ മാലിന്യ പ്രശ്നത്തെത്തുടർന്ന് ഫാമിന് ഒരു വർഷം മുമ്പ് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. മാലിന്യ പ്രശ്നം പഴയതിലും രൂക്ഷമായതാണ് പ്രതിഷേധത്തിന് കാരണം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറവു മാലിന്യം ഇവിടെ എത്തിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. ഫാമിന്റെ പല ഭാഗത്തായി ബാരലിൽ ശേഖരിച്ചു വെച്ചിരിക്കുന്ന മാലിന്യം പുഴുവരിക്കുന്നനിലയിലാണ്.
വാർഡ് അംഗങ്ങളായ ഉണ്ണി, ആർ.എസ്. സന്തോഷ്കുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ. ജോയി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നൂറിലധികം പേർ മണിക്കൂറോളം ഫാം ഉപരോധിച്ചു. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഫാമിൽനിന്നുള്ള മാലിന്യ പ്രശ്നം മൂലം പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയും ജല മലിനീകരണ സാധ്യതയുമുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യവകുപ്പും പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
ഫാമിനടുത്ത് താമസിക്കുന്ന കൈപ്പടക്കുന്നിൽ പങ്കജാക്ഷി (75) ദുർഗന്ധം ശ്വസിച്ച് കുഴഞ്ഞു വീണതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് മകൾ വത്സല ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.