ഓയൂർ ചന്ത എന്ന് തിരിച്ചുവരും...
text_fieldsഓയൂർ: ഒരുകാലത്ത് നാടിന്റെ വ്യാപാരകേന്ദ്രമായി പേരെടുത്ത ഓയൂർ ചന്ത ഇന്ന് അവഗണനയിൽ. നിലവിലെ ഓയൂർ ഷോപ്പിങ് കോംപ്ലക്സിന്റെ ഭാഗത്തായിട്ടാണ് ഏഴ് വർഷം മുമ്പുവരെ ഓയൂർ ചന്ത പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഷോപ്പിങ് കോംപ്ലക്സ് ഉയർന്നപ്പോൾ ചന്തയുടെ സ്ഥാനം മാറ്റേണ്ടിവന്നത് കാര്യങ്ങൾ മാറ്റിമറിച്ചു. ജങ്ഷനിൽനിന്ന് 150 മീറ്റർ അകലെയായി ലക്ഷങ്ങൾ ചെലവഴിച്ച് 2014-2015 കാലത്ത് പുതിയ ചന്ത നിർമിച്ചു. കുറച്ചുനാൾ ഇവിടെ കച്ചവടം പൊടിപൊടിച്ചെങ്കിലും ക്രമേണ പുതിയ ചന്ത ആർക്കും വേണ്ടാതായി. വെളിനല്ലൂർ, പൂയപ്പള്ളി പഞ്ചായത്തുകളിലെ അതിർത്തി ഭാഗവും പൂർണമായും പൂയപ്പള്ളിയിൽ നിലകൊള്ളുന്നതുമായ കുരിശുംമൂട് എന്ന സ്ഥലത്ത് അനധികൃത മത്സ്യവ്യാപാരം കൊഴുത്തതാണ് ഓയൂർ ചന്തക്ക് വിനയായത്. ഓയൂർ കൊട്ടാരക്കര, കൊട്ടിയം ഓയൂർ റൂട്ടിലെ കുരിശുംമൂട് പ്രദേശത്ത് ഓരോ ദിവസവും അനധികൃത കച്ചവടം വളർന്നതോടെ വെളിനല്ലൂർ പഞ്ചായത്തിൽപെടുന്ന ഓയൂർ ചന്ത അനാഥമായി. ഇതോടെ സന്ധ്യയായാൽ സാമൂഹിക വിരുദ്ധ താവളവും മദ്യപിക്കുന്നതിനായുള്ള കേന്ദ്രവുമായി ചന്ത മാറി. കുരിശുംമൂട്ടിലെ അനധികൃത കച്ചവടത്തിനെതിരെ വെളിനല്ലൂർ, പൂയപ്പള്ളി പഞ്ചായത്ത് ഭരണസമിതികൾ യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. കുരിശുംമൂട്ടിൽ അനധികൃത വിൽപന നടത്താൻ അനുവദിക്കില്ലെന്നായിരുന്നു തീരുമാനം. എന്നാൽ, പഞ്ചായത്തുകളുടെ സംയുക്ത തീരുമാനത്തിന് കുരിശുംമൂട്ടിലെ അനധികൃത വ്യാപാരത്തിനെ തൊടാനായില്ല. മാത്രവുമല്ല, വിവിധ പ്രദേശങ്ങളിൽ നിന്നുപോലും മത്സ്യം, ഇറച്ചി, പച്ചക്കറി വ്യാപാരികൾ ഇവിടെ തമ്പടിച്ചു. ചിലർ റോഡരികിൽ ഷെഡ് കെട്ടിയായി കച്ചവടം. ഇവിടെ കച്ചവടക്കാർ തമ്മിൽ സംഘർഷവും പതിവായതോടെ തലവേദന ഒഴിവാക്കാൻ പൂയപ്പള്ളി പൊലീസിന്റെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ഓയൂർ ചന്തയിലേക്ക് കച്ചവടക്കാർ മാറണമെന്ന അഭ്യർഥന പക്ഷേ, ആരും ചെവിക്കൊണ്ടില്ല. പുതിയ ഓയൂർ ചന്തയിലേക്ക് ആൾക്കാർ എത്തുന്നില്ലെന്നതാണ് കച്ചവടക്കാർ പ്രധാന കാരണമായി പറഞ്ഞത്. ചന്ത ഉപേക്ഷിക്കപ്പെട്ടതോടെ ഇവിടെനിന്ന് വെളിനല്ലൂർ പഞ്ചായത്തിലേക്കുള്ള വരുമാനം പൂർണമായും ഇല്ലാതായിരിക്കുകയാണ്.
ചന്തയിലെ ഇ-ടോയ്ലറ്റും നശിക്കുന്നു
ഓയൂർ: ഓയൂർ ചന്തയിലെ ഇ-ടോയ്ലറ്റും പുതിയതായി കെട്ടിയ ശൗചാലയവും നോക്കുകുത്തിയായി. അഞ്ച് വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് ഓയൂർ ജങ്ഷനിൽ ഇ ടോയ്ലറ്റ് സ്ഥാപിച്ചിരുന്നു. ശേഷം അത് ഓയൂരിൽ പ്രവർത്തിക്കുന്ന വെളിനല്ലൂർ പഞ്ചായത്തിലേക്ക് മാറ്റി. അവിടെയും പ്രവർത്തനരഹിതമായതോടെ ഓയൂർ ചന്തയിലേക്ക് മാറ്റി. ചന്തയിലെ കാട്ടിലേക്കാണ് അവ സ്ഥാപിച്ചത്. ഇപ്പോൾ കാട് കയറി ഇ ടോയ്ലറ്റ് തുരമ്പെടുത്ത് നശിക്കുകയാണ്. ഇത് പരാജയമായതോടെ ചന്തയിൽതന്നെ ലക്ഷങ്ങൾ ചെലവഴിച്ച് ശുചിത്വ മിഷനും വെളിനല്ലൂർ പഞ്ചായത്തും ചേർന്ന് ശൗചാലയത്തിനായി വലിയ കെട്ടിടം സ്ഥാപിച്ചിരുന്നു. എന്നാൽ, അതും ഫലവത്തായില്ല.
ആരുമെത്താതെ ഒരു ബസ് സ്റ്റാൻഡ്
ഓയൂർ: പുതിയ ചന്തയിലെത്തുന്നവർക്ക് എളുപ്പത്തിനായി സ്ഥാപിച്ച ബസ് സ്റ്റാൻഡിനും ഗതി ഓയൂർ ചന്തയുടേത് തന്നെ. ജങ്ഷനിൽനിന്ന് ചന്തയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിന് സമീപത്തുള്ള ഓയൂർ ബസ് സ്റ്റാൻഡ് ആണ് ചന്തപോലെ തന്നെ ഉപേക്ഷിക്കപ്പെട്ടത്.
ഇവിടെ ബസ് കാത്ത് നിൽക്കാൻ വരാറില്ല. ഓയൂർ ജങ്ഷനിൽ തന്നെയാണ് യാത്രികർ നിൽക്കുന്നത്. ഓയൂർ കൊട്ടാരക്കര, കൊട്ടിയം ഓയൂർ ബസുകൾ ജങ്ഷനിൽ എത്തി യാത്രികരെ ഇറക്കിയശേഷം വിശ്രമിക്കുന്നതിന് മാത്രമാണ് ഈ സ്റ്റാൻഡിലേക്ക് വരുന്നത്. സ്റ്റാൻഡിൽ ആൾക്കാർ എത്തി ബസിൽ കയറുകയാണെങ്കിൽ ജങ്ഷനിലെ പകുതി തിരക്ക് ഒഴിയും. എന്നാൽ, അത് നടപ്പാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.