അന്ന് പാറ, ഇപ്പോൾ വെള്ളം; ഭീതിവിതച്ച് ക്വാറികൾ
text_fieldsഓയൂർ: പാറക്വാറികളെ എക്കാലവും ജനങ്ങൾക്ക് പേടിയാണ്. അതുണ്ടാക്കുന്ന അപകടസാധ്യതകളാണ് ഇതിന് കാരണം. എന്നാൽ, ഉപേക്ഷിക്കപ്പെട്ടിട്ടും പാറക്വാറികൾ ഒരു നാടിന്‍റെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്. ഖനനമുണ്ടായിരുന്നപ്പോൾ പാറയാണ് വില്ലനായതെങ്കിൽ ഇപ്പോൾ പാറ തുരന്ന കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് ജനത്തെ ഭയപ്പെടുത്തുന്നത്.
ഓരോ മഴക്കാലത്തും ക്വാറികളിലെ വെള്ളം ജലബോംബായി മാറുമോ എന്നാണ് അവരുടെ ഭയം. വെളിയം, കരീപ്ര, കുടവട്ടൂർ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വീണ് മരിച്ചവരും നിരവധിയാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൽപെടുന്നു.
പുല്ല് പറിക്കാനെത്തുന്നവരും പാറക്കുളം സന്ദർശിക്കാൻ വരുന്നവരും അപകടത്തിൽപെട്ടിട്ടുണ്ട്. കുഴിയില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കിടക്കുന്ന വെള്ളമുള്ള പാറമടയിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടാകുന്നത്. സമീപത്ത് വീടുകളില്ലാത്തതിനാൽ ക്വാറിയിൽ വീണ് അപകടം സംഭവിച്ചാൽ രക്ഷിക്കാൻ ആരുമുണ്ടാകില്ല. കിലോമീറ്ററോളം അകലെനിന്ന് വേണം രക്ഷപ്പെടുത്താൻ ആളെത്തേണ്ടത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ വെളിയം മേഖലയിലാണുണ്ടായിരുന്നത്. വെളിയം, കരീപ്ര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ 160 ഓളം അനധികൃത ക്വാറികളുടെ പ്രവർത്തനം കലക്ടർ ഇടപെട്ട് ആറുവർഷം മുമ്പാണ് നിർത്തിവെപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ മൂലമായിരുന്നു ഇത്.
വെളിയം, കുടവട്ടൂർ, കരീപ്ര മേഖലയിൽ അനധികൃതമായി ഖനനം ചെയ്ത് ഉപേക്ഷിച്ച പാറക്വാറികൾ നിരവധിയാണ്. കുടവട്ടൂരിൽ ഭൂനിരപ്പിൽനിന്ന് 400 അടി താഴ്ചയിലേക്കാണ് പാറ ഖനനം നടന്നിരുന്നത്. വലിയ മോട്ടോർ ഉപയോഗിച്ച് ക്വാറിയിലെ ജലം സമീപത്തെ ഓടനാവട്ടം-നെടുമൺകാവ് റോഡിലേക്ക് ഒഴുക്കിവിട്ടിരുന്നു.
വെള്ളമൊഴുക്കിവിട്ട ശേഷം വീണ്ടും ഖനനം തുടരുന്ന രീതിയായിരുന്നു. ഖനനത്തിനിടെ, സമീപത്തെ വീടുകളിൽ പാറ തെറിച്ചുവീഴുന്നത് പതിവാകുകയും ഇതുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുകയും ചെയ്തതോടെയാണ് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തിയത്. തുർന്നാണ് ഖനനം നിർത്തിവെപ്പിച്ചത്.
ഇപ്പോൾ വെള്ളം നിറഞ്ഞുകിടക്കുന്ന ക്വാറികൾ 100 ഓളം വരും. ശക്തമായ മഴക്കാലത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇത് വൻ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്.
കുടവട്ടൂരിൽ ഖനനം ഉപേക്ഷിച്ച് ക്വാറിക്ക് സമീപത്ത് ആറുണ്ട്. ഇവക്കിടയിലെ മതിൽതിട്ട നേർത്തു വരുന്നതും ഭീഷണിയാണ്. പടിഞ്ഞാറ്റിൻകരയിലും വെളിയത്തുമുൾപ്പെടെ ഉപേക്ഷിച്ച ക്വാറികളിൽ വളർത്തു മൃഗങ്ങൾ വീഴുന്നത് പതിവാണ്.
ഒരു കാലത്ത് കുടവട്ടൂർ ക്വാറിക്കുസമീപം ആൾക്കാർ തിങ്ങിപ്പാർത്തിരുന്നു. ഖനനം രൂക്ഷമായതോടെ പലരും ഇവിടംവിട്ട് പോയി. കുടവട്ടൂർ പാറമുക്കിൽ തുച്ഛ വിലക്ക് വസ്തു വിറ്റ് നാടുവിട്ടവർ നിരവധിയാണ്.
ക്വാറി അപകടങ്ങൾ ലഘൂകരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. പാറമടകൾ വേലികെട്ടി തിരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഖനനം ചെയ്ത ശേഷം മരണക്കെണിയാക്കി പോയ ക്വാറി ഉടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
അതിനിടെ, പാറ മാഫിയ മേഖലയിൽ വീണ്ടും ഖനനത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ വീണ്ടും ഖനനം തുടങ്ങിയാൽ അതുണ്ടാക്കുന്ന ദുരന്തം പ്രവചനാതീതമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.