മണ്ണെടുപ്പ് മൂലം ജനം ദുരിതത്തിൽ
text_fieldsഓയൂർ: പൂയപ്പള്ളി വില്ലേജിൽ മണ്ണെടുപ്പ് തകൃതിയി തുടരുന്നു. അനിനിയന്ത്രതമായ മണ്ണെടുപ്പ് മൂലം ജനം ദുരിതത്തിൽ. പൂയപ്പള്ളി നൽക്കവല -പാലൂർക്കോണം ഏലാറോഡിൽ മിനി ഇൻഡസ്ട്രിയൽ ഏരിയായ്ക്ക് സമീപത്ത് നിന്നുമാണ് തോരാത്ത മഴയിലും മണ്ണെടുപ്പ് നടക്കുന്നത്. പത്തോ, ഇരുപതോ സെൻ്റ് ഭൂമിയിൽ നിന്നും മണ്ണെടുക്കുന്നതിന് പാസ് സംഘടിപ്പിച്ച ശേഷം, കൂറ്റൻ ടോറസ് ലോറിയിലാണ് മണ്ണ് കയറ്റിക്കൊണ്ട് പോകുന്നത്.
നന്നേ വീതി കുറഞ്ഞ റോഡിൽ ടോറസ് ലോറി കടന്ന് പോകുന്നതോടെ മറ്റൊരു വാഹനങ്ങൾക്കും കടന്ന് പോകാൻ പറ്റാത്ത സ്ഥിതിയാണ്.കൂടാതെ നാൽക്കവല ജങ്ഷൻ മുതൽ മണ്ണെടുക്കുന്ന പുരയിടം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം ചെളിക്കുണ്ടായി കാൽനടയാത്ര പോലും ദുഷ്കരമായിരിക്കയാണ്. റോഡിൻ്റെ ഇരുവശത്തുമായി നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ പ്രദേശത്ത് ഒരാൾക്ക് അസുഖം വന്നാൽ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഓട്ടോയോ മറ്റ് വാഹനങ്ങളോ കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ്.
മണ്ണെടുപ്പ് തുടങ്ങിയ ദിവസം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് അത് ഉണ്ടായില്ല. മൂന്ന് മീറ്റർ ടാറിങ്ങ് ഉള്ള റോഡിൽ ടോറസ് വാഹനങ്ങൾ ഭാരം കയറ്റി പോകാൻ പാടില്ല എന്നാണ് നിയമം. മണ്ണെടുപ്പിന് അനുമതി നൽകിയാൽത്തന്നെ അത് ചെറിയ ടിപ്പർ ലോറികളിൽ മണ്ണ് കയറ്റിക്കൊണ്ട് പോകുന്നതിനായിരിക്കും അനുമതി നൽകുന്നത്.ഇവിടെ ദിവസവും അമ്പത് ടോറസ് ലോറികളാണ് നിരവധി തവണ മണ്ണ് കയറ്റിക്കൊണ്ട് പോകുന്നത്. മണ്ണ് ഖനനം ചെയ്യുന്നതിന് രണ്ട് മണ്ണ് മാന്തിയന്ത്രങ്ങൾ ദിവസം മുഴുവനും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് മണ്ണ് കയറ്റിവന്ന ടോറസ് റോഡിൽ ചെളിയിൽ തെന്നി മറിഞ്ഞ് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മണ്ണെടുപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിന് പൂയപ്പള്ളി പാെലീസ്, വില്ലേജ്, പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സ്വൈര സഞ്ചാരത്തിന് അവസരമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പടം.. നാൽക്കവല - പാലൂർക്കോണം റോഡ് മണ്ണെടുപ്പിനെത്തുടർന്ന് ചെളിക്കുണ്ടായ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.