മരുതിമലയിൽ മൂന്ന് ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടേതെന്ന് റവന്യൂ വകുപ്പ്
text_fieldsഓയൂർ: മരുതിമല ഇക്കോ ടൂറിസം പദ്ധതി ഭൂമിയിൽ മൂന്ന് ഹെക്ടർ സ്വകാര്യ വ്യകതികളുടേതാണെന്ന് സർവേ വകുപ്പ് കണ്ടെത്തിയതായി കൊട്ടാരക്കര തഹസിൽദാർ പി. ശുഭൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇക്കോ ടൂറിസം ഭൂമിയായ മരുതിമലയിൽ കലക്ടർ അഫ്സാന പർവീണിന്‍റെ സാന്നിധ്യത്തിൽ സർവേ വകുപ്പ് 38 ഏക്കർ വരുന്ന ഭൂമി അളന്നത്.
നാല് ദിവസം മുമ്പാണ് സർവേ പൂർത്തിയായത്. തുടർന്ന് റിപ്പോർട്ട് തഹസിൽദാറിന് കൈമാറി. സ്വകാര്യ വ്യക്തിക്ക് മലമുകളിൽ ഭൂമിയുള്ളതായി തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകി. മലമുകളിൽ ഒന്നരയേക്കർ ഭൂമിയുടെ പട്ടയം ഉണ്ടെന്ന അവകാശ വാദവുമായി സ്വകാര്യവ്യക്തി ഹൈകോടതിയെ സമീപിച്ചിരുന്നു.
ഹൈകോടതി രേഖ പരിശോധനയിൽ സ്വകാര്യവ്യക്തിക്ക് അനുകൂല നിലപാട് സ്വീകരിച്ച് ഇക്കോ ടൂറിസം ഭൂമി അളന്ന് തിട്ടപ്പെടുത്താൻ കലക്ടറിന് നിർദേശം നൽകി. തുടർന്നാണ് സർവേ വകുപ്പ് ഭൂമി അളക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സർവേയിൽ സ്വകാര്യവ്യക്തിക്ക് അനുകൂലമായ സാഹചര്യമാണുണ്ടായത്.
വെളിയം പഞ്ചായത്ത് അധികൃതർ സ്വകാര്യവ്യക്തിയുടെ കൈയിലുള്ള രേഖ വ്യാജ പട്ടയമാണെന്ന അവകാശവുമായി രംഗത്തുവന്നിട്ടുണ്ട്. സർവേയിൽ നിരവധി പേർക്ക് ഇക്കോ ടൂറിസം ഭൂമിയിൽ വസ്തുവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഓടനാവട്ടം വില്ലേജിലെ രേഖകൾ പരിശോധിച്ച് കൃത്യമായി എത്ര പേർക്കാണ് മലമുകളിൽ ഭൂമിയുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് റവന്യൂ വകുപ്പ് നടത്തുന്നത്. സ്വകാര്യ വ്യക്തിയുടേത് സർക്കാർ നൽകിയ പട്ടയമാണോ വ്യാജമാണോയെന്ന് പരിശോധിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.
2007ലാണ് മരുതിമല ഇക്കോ ടൂറിസം പദ്ധതിയായി അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. തുടർന്ന് ഒന്നാംഘട്ടത്തിനായി 36 ലക്ഷം അനുവദിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മലമുകളിൽ വഴി വെട്ടൽ, ഫെൻസിങ്, കെട്ടിടം എന്നിവയാണ് നിർമിച്ചത്.
ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനം രണ്ട് വർഷം മുമ്പ് കഴിഞ്ഞിരുന്നു. ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായ നിരവധി പാറക്കൂട്ടങ്ങൾ സർവേ നടത്തിയതിൽ സ്വകാര്യ വ്യക്തിയുടെ കൈകളിലായ അവസ്ഥയിലാണ്. ഇത് ഇക്കോ ടൂറിസത്തിന് പ്രശ്നമാകുമോയെന്ന ആശങ്കയിലാണ് ടൂറിസം വകുപ്പും നാട്ടുകാരും.
2006 കാലഘട്ടത്തിൽ സ്വകാര്യവ്യക്തികൾ മലയുടെ ഒരുഭാഗം പാറ ഖനനം ചെയ്തിരുന്നു. തുടർന്ന് നിരവധി സമരപോരാട്ടത്തിനൊടുവിലാണ് ഖനനം നിർത്തിവെച്ചത്. ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
മൂന്നേക്കർ ഭൂമി സ്വകാര്യവ്യക്തികളുടെ കൈകളിലായതോടെ ഭൂനിരപ്പിൽനിന്ന് 1000 അടി മലമുകളിൽനിന്ന് ഖനനം ചെയ്യാൻ സർക്കാറിൽനിന്ന് അനുമതി വാങ്ങാൻ സാധിക്കും. എന്നാൽ, ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായ ഭൂമി സമീപത്തായിയുള്ളതിനാൽ ഖനനം ചെയ്യാനുള്ള അനുമതി ലഭിക്കില്ലെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. മല നിൽക്കുന്ന റവന്യൂ ഭൂമിയിൽ സ്വകാര്യ വ്യക്തികൾക്ക് വസ്തു ലഭിച്ചത് എങ്ങനെയാണെന്ന് റവന്യൂ വകുപ്പ് പരിശോധിക്കും.
ഇക്കോ ടൂറിസത്തിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങി രണ്ടാം ഘട്ടത്തിലെത്തിയപ്പോൾ മാത്രമാണ് മലയുടെ അവകാശവുമായി സ്വകാര്യ വ്യക്തികൾ രംഗത്തുവന്നത്. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് വെളിയം പഞ്ചായത്തധികൃതർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.