ദുരൂഹ സാഹചര്യത്തിൽ വിദ്യാർഥിയെ കാണാതായിട്ട് മൂന്നുമാസം; എങ്ങുമെത്താതെ അന്വേഷണം
text_fieldsഓയൂർ: ദുരൂഹ സാഹചര്യത്തിൽ കാണാതായ റോഡുവിള സ്വദേശിയായ വിദ്യാർഥിക്കുവേണ്ടിയുള്ള പൊലീസ് അന്വേഷണം മൂന്ന് മാസമായിട്ടും തുമ്പൊന്നും ലഭിക്കാതെ അനിശ്ചിതത്വത്തിൽ. പുനലൂർ എസ്.എൻ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി വെളിനല്ലൂർ റോഡുവിള മാങ്കോണം തണ്ണിപ്പാറ ദിവ്യാഭവനിൽ ബദറുദ്ദീന്റെ മകൻ തൗഹാദിനെയാണ് (19) നവംബർ 12 മുതൽ കാണാതായത്. രാവിലെ 7.30 ന് വീട്ടിൽനിന്ന് കോളജിലേക്ക് പോകാൻ ഇറങ്ങിയ ഇയാൾ കോളജിൽ എത്തിയില്ല. കൂട്ടുകാരൻ മൊബൈലിൽ വിളിച്ചപ്പോൾ കോളജിലേക്ക് വന്നു കൊണ്ടിരിക്കുയാണെന്ന് മറുപടി നൽകിയിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. ഇതുവരെ ആ ഫോണോ സിം കാർഡോ ഉപയോഗിച്ചിട്ടില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പുനലൂർ സ്വകാര്യ ബസ്റ്റാൻഡിൽ ബസിറങ്ങിയ തൗഹാദ് ധിറുതിയിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ സ്വകാര്യസ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ചതാണ് അവസാന തുമ്പ്. പൂയപ്പള്ളി സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുനലൂരിലും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മധുര- ചെന്നൈ മെയിലിൽ മധുരയിലോ ചെന്നൈയിലോ പോയിട്ടുണ്ടാകാം എന്ന നിഗമനത്തിൽ പൊലീസ് സംഘം മധുരയിലും ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും ലുക്കൗട്ട് നോട്ടീസ് പതിക്കുകയും ഈ പ്രദേശങ്ങളിലെ മലയാളി സമാജങ്ങളിലും മദ്റസകളിലും അന്വേഷണം നടത്തുകയും ഫോട്ടോയും അഡ്രസും നൽകുകയും ചെയ്തു. എന്നാൽ, ഇതുവരെ അനുകൂലമായ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.