ശമ്പളവും ആനുകൂല്യങ്ങളുമില്ല: വെളിയം കൈത്തറി വ്യവസായം അസ്തമയത്തിലേക്ക്
text_fieldsഓയൂർ: വെളിയം പഞ്ചായത്തിൽ തലയെടുപ്പോടെ പ്രവർത്തിച്ചിരുന്ന കൈത്തറി വ്യവസായം അസ്തമയത്തിലേക്ക്. കൈത്തറി വ്യവസായ സംഘങ്ങളായ വെൽക്കോസ് 1955ലും വെൽ ടെക്സ് 1966 ലുമാണ് വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തനമാരംഭിച്ചത്. 400ൽ അധികം തൊളിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 60 ൽ താഴെ പേർ മാത്രമാണുള്ളത്. ആനുകൂല്യങ്ങളും ശമ്പളവും വെട്ടിക്കുറക്കുകയും നൂലിന് വില കൂട്ടിയും കൈത്തറി ഉപകരണങ്ങൾ പുതുതായി അനുവദിക്കാതെയും സർക്കാറിന്‍റെ ഭാഗത്തുനിന്ന് സഹായങ്ങൾ ഉണ്ടാകാതെയായതോടെയാണ് വ്യവസായം പ്രതിസന്ധിയിലായത്.
വർഷങ്ങൾ പഴക്കം ചെന്ന കെട്ടിടവും അതിനുള്ളിലെ തറി ഉപകരണങ്ങളുമാണ് ഇന്നും തൊഴിലാളികൾ ഉപയോഗിക്കുന്നത്. കേടായ തറി ഉപകരണങ്ങൾ നന്നാക്കി നൽകാൻ പലതവണ തൊഴിലാളികളും സംഘം പ്രവർത്തകരും നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വെളിയത്തെ കൈത്തറിത്തറി സംഘത്തിൽ കൂടുതലും സ്ത്രീകളാണ്. കൃത്യസമയത്ത് കൂലി ലഭിക്കാത്തതിനാൽ തൊഴിലാളികൾ പലരും തൊഴിലുറപ്പിനോ മറ്റു ജോലികൾക്കോ പോകാൻ നിർബന്ധിക്കപ്പെടുകയാണ്.
ആറു മാസമായി ശമ്പളവും 58 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഓണത്തിനുള്ള ബോണസ് വെട്ടിക്കുറക്കുയും ചെയ്തു. ഗ്രാറ്റ്വിറ്റിയില്ല. ആദ്യം ഒരു മാസത്തിൽ രണ്ടു തവണയായിട്ടായിരുന്നു കൂലി ലഭിച്ചിരുന്നത്. പിന്നീട് മാസത്തിൽ കൂലി ലഭിക്കുന്ന രീതിയിലാക്കി. പിന്നീട് രണ്ടു മാസത്തിലൊരിക്കലും ഇപ്പോൾ ആറു മാസമായിട്ടും കൂലി ലഭിക്കുന്നില്ല.
ഒരു മീറ്റർ നൂൽ തറിയിൽ നെയ്യുന്നതിന് സർക്കാർ 30 രൂപ 50 പൈസ നൽകിക്കൊണ്ടിരുന്നിടത്ത് ഇപ്പോൾ മൂന്നു രൂപ 96 പൈസയാണ് നൽകുന്നത്. ഒരു തൊഴിലാളി ഒരു ദിവസം പരമാവധി ഏഴ്, എട്ട് മീറ്റർ നെയ്താൽ കിട്ടുന്ന കൂലി വളരെ തുച്ഛമാണ്. 2019 ഡിസംബർ 19 മുതലാണ് ഈ വെട്ടിച്ചുരുക്കലിലൂടെ കൈത്തറിത്തറി സംഘത്തെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തറികൾ കേടാവുകയാണെങ്കിൽ നന്നാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇതിനാൽ സംഘം പ്രവർത്തകർ സ്വന്തമായി പണം ചെലവാക്കി തറി ഉപകരണങ്ങൾ നിലനിർത്തേണ്ട അവസ്ഥയാണ്.
സ്കൂൾ, കെ.എസ്.ആർ.ടി.സി, ആശുപത്രി, വ്യവസായശാലകൾ എന്നിവിടങ്ങളിലെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും കൈത്തറി സംഘങ്ങൾക്ക് നൽകിയാൽ ഒരുപരിധിവരെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്ന് വെളിയം വെൽകോസ് കൈത്തറി വ്യവസായ സംഘം സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു.
നിലവിൽ സ്കൂൾ യൂനിഫോം നെയ്യുന്ന ജോലി മാത്രമാണ് നടക്കുന്നത്. സർക്കാർ നൂൽ മാത്രം നൽകിയാൽ സംഘം മുന്നോട്ട് പോകാൻ കഴിയില്ല. തൊഴിലാളികൾക്ക് മുടങ്ങിക്കിടക്കുന്ന ശമ്പളം കൊടുക്കുകയും വെട്ടിക്കുറച്ചതുൾപ്പെടെ ആനുകൂല്യം നൽകിയാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ. തെരഞ്ഞെടുപ്പ് സമയത്ത് സംഘം ശരിയാക്കി നൽകുമെന്ന് ഉറപ്പ് നൽകിയ സ്ഥാനാർഥി ധനമന്ത്രിയായെങ്കിലും പിന്നീട് ആ വഴിക്ക് വന്നിട്ടില്ലെന്ന പരാതിയാണ് തൊഴിലാളികൾക്ക് പറയാനുള്ളത്.
നിരവധി നിവേദനങ്ങൾ മന്ത്രിക്ക് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. കേടായ തറികൾ ചിതൽകയറി നശിക്കുകയാണ്. സർക്കാറിന്‍റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഇല്ലാതായതോടെ ഒരു വലിയ കെട്ടിടം പൂർണമായും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.