മരുതിമലയിൽ പുല്ലിന് തീപിടിച്ചു; സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു
text_fieldsഓയൂർ: ഇക്കോ ടൂറിസം പദ്ധതിയായ മരുതിമലയിൽ തീ പിടിത്തം. ഏക്കറുകളോളം പടർന്ന് കിടക്കുന്ന പുല്ലിന് രണ്ട് തവണ തീപിടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10നും ഉച്ചക്ക് രണ്ടിനുമാണ് തീ പിടിത്തം ഉണ്ടായത്. അവധി ദിനമായതിനാൽ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ ഉണ്ടായിരുന്നത്. തീആളിപ്പടർന്നതോടെ സ്ത്രീകൾ ഉൾപ്പെടുന്ന സഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ ഓടിയെത്തി തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. പിന്നീട് കൊട്ടാരക്കരയിൽ നിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന എത്തി തീ അണക്കാൻ ശ്രമം നടത്തി. 1000 അടി ഉയരത്തിലുള്ള മലയിൽ 15 ഏക്കറോളം പടർന്ന തീ ചെറുകരക്കോണം ഭാഗത്ത്കൂടി എത്തിയാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അണച്ചത്. ഉച്ചക്ക് രണ്ടോടെ വീണ്ടും തീ പിടിത്തം ഉണ്ടായതോടെ നാട്ടുകാരിൽ ആശങ്ക വർധിച്ചു. കൊട്ടാരക്കരയിൽ നിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വീണ്ടും എത്തിയാണ് തീ അണച്ചത്.
ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി പണിത കെട്ടിടങ്ങൾക്ക് സമീപത്തേക്ക് തീപടർന്നില്ല. വേനൽക്കാലങ്ങളിൽ മരുതിമലയിൽ തീപിടിത്തം പതിവാണ്. സാമൂഹിക വിരുദ്ധർ പുല്ലിന് തീയിടുന്ന സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.