മുളയറച്ചാൽ കോഴിമാലിന്യ പ്ലാന്റ് താൽക്കാലികമായി പൂട്ടി
text_fieldsഓയൂർ: മുളയറച്ചാൽ കോഴി മാലിന്യപ്ലാന്റ് താൽകാലികമായി പൂട്ടി. പ്ലാന്റിലേക്ക് കോഴി വേസ്റ്റുമായ വന്ന വാഹനം സമരക്കാർ തടഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൽകാലികമായി പൂട്ടിച്ചത്. ലോറികൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. വാഹനങ്ങൾ മുളയറച്ചാൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞു.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ സമരത്തിൽ പങ്കെടുത്തു. പ്രദേശത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു ജനകീയ സമതിയുടെ നേതൃത്വത്തിൽ സമരം ദീർഘനാളായി നടന്നു വരുകയായിരുന്നു.
കഴിഞ്ഞ ദിവസം കലക്ടറുടെ നിർദേശത്തിൽ ഉദ്യോഗസ്ഥർ സമര സമിതി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പ്ലാന്റ് പ്രവർത്തിക്കുന്നത് മാനദണ്ഡം പാലിക്കാതെയാണെന്ന് കണ്ടെത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചു തുറന്നാൽ മതിയെന്ന് ഉത്തരവ് മറികടന്നു കഴിഞ്ഞ ദിവസം രാത്രി കോഴി വേസ്റ്റുമായി രണ്ട് വാഹനങ്ങൾ പ്ലാന്റിന് സമീപം എത്തി.
ഇത് സമരക്കാർ വഴിയിൽ തടഞ്ഞിട്ടു. പൊലീസെത്തി സമരക്കാരെ പിൻതിരിപ്പിക്കാൻ ശ്രമം നടത്തി. സമരക്കാരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. കൂടുതൽ പേർ സ്ഥലത്ത് എത്തിയതോടെ പൊലീസിന്റെ ശ്രമം വിഫലമായി. സ്ത്രീകൾ കോഴിമാലിന്യം കൊണ്ടുവന്ന ലോറിക്ക് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു.
ഫ്രീസറും എയർടയറും ഉള്ള വാഹനത്തിൻ മാത്രമേ കോഴി വേസ്റ്റു കൊണ്ടുവരാൻ പാടുള്ളൂ എന്നാണ് നിയമം. വാഹനം അത്തരത്തിലുള്ളതായിരുന്നില്ല. വളരെ പഴക്കം ചെന്ന മാലിന്യവും ആയിരുന്നതിനാൽ പ്രദേശമാകെ ദുർഗന്ധം വമിക്കാൻ തുടങ്ങി. അസഹ്യമായ ദുർഗന്ധം വാഹനത്തിൽ നിന്നും പുറത്തേക്ക് വന്നത് ബുദ്ധിമുട്ടുണ്ടായി.
മൂന്ന് സ്ത്രീകൾക്ക് മാലിന്യം ശ്വസിച്ച് ശ്വാസതടസ്സമുണ്ടായി. സമരസമിതിയുടെ നേതൃത്വത്തിൽ ഇവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അധികാരികൾ പ്രശ്നം പരിഹരിക്കണമെന്നും പ്ലാന്റ് അടച്ചു പൂട്ടണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമര സമിതി നേതാക്കളായ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, എം.എം. നസീർ, അഷറഫ് ശ്രീകുമാർ, നിസാർ വട്ടപ്പാറ, എം.എസ്. ഷൈജു, റെജി, ടി.എസ്. പത്മകുമാർ. ജെയിംസ് എൻ ചാക്കോ, ജോളി ജെയിംസ് എന്നിവർ നേതൃത്വം നൽകി.
സമരക്കാരമായി ചർച്ചയുടെ അടിസ്ഥാനത്തിൽ പുനലൂർ ആർ.ഡി.ഒ സുരേഷ് ബാബു, കൊട്ടാരക്കര തഹസിൽദാർ മോഹനൻ, പൊലൂഷൻ കൺട്രോൾ ബോർഡ് എൻജിനീയർ റെയ്ച്ചൽ തോമസ്, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ അനിൽകുമാർ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ, യൂസഫ് പ്ലാമുറ്റം എന്നിവർ സംഭവ സ്ഥലത്തെത്തി. മാലിന്യവുമായി വന്ന വാഹനങ്ങൾ കടത്തിവിടണമെന്നും ഇനി മാലിന്യം കൊണ്ടുവരുകയില്ലെന്നും പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകാമെന്നും ആർ.ഡി.ഒ പറഞ്ഞു.
ഉറപ്പ് നൽകിയിട്ടും മാലിന്യം പ്ലാന്റിലേക്ക് കയറ്റാൻ സമരക്കാർ തയാറായില്ല. വാഹനം തിരിച്ചയക്കമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചു നിന്നു. അതോടെ ആർ.ഡി.ഒ കലക്ടറുമായി ഫോണിൽ ചർച്ച നടത്തി.
ശുചിത്വ മിഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ്എന്നിവയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡം പാലിക്കാതെ വാഹനത്തിൽ കോഴി വേസ്റ്റ് കൊണ്ടുവന്നത് ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തി. തുടർന്ന് പൂയപ്പള്ളി പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. ആർ.ഡി.ഒ യുടെ നിർദേശപ്രകാരം രണ്ട് വാഹനത്തിലെയും കോഴി മാലിന്യം മാനദണ്ഡം പാലിച്ചു സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ടു.
മാലിന്യ പ്ലാന്റിന്റെ സ്റ്റേറ്റ് കോഓഡിനേറ്റർ മോഹനൻ സ്ഥലത്ത് പരിശോധന നടത്തി. രണ്ടാഴ്ച മുമ്പ് സമരസമിതിയുടെ നേതൃത്വത്തിൽ വെളിനല്ലൂർ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു. കലക്ടറേറ്റിനു മുന്നിലേക്കും മാർച്ച് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.