കര്‍ഷകരുടെ വയറ്റത്തടിച്ച് മോഷ്ടാക്കള്‍; ഒരുമാസത്തിനിടെ മോഷണം പോയത് 30ല്‍പരം ഏത്തക്കുലകള്‍
text_fieldsഓയൂര്‍: പൂയപ്പള്ളി പഞ്ചായത്തില്‍ ചെങ്കുളം പുളിമുക്ക് ഏലായില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി മോഷണം പോകുന്നതായി പരാതി. പൊലീസില്‍ പരാതി നല്‍കുകയും കര്‍ഷകര്‍ രാപകല്‍ കാവലിരുന്നിട്ടും മോഷ്ടാക്കളെ പിടികൂടാനായില്ല.
ചെങ്കുളം പുളിമുക്ക് ഏലായില്‍ പാട്ടത്തിന് കൃഷി നടത്തുന്ന പൂയപ്പള്ളി, നാല്ക്കവല, കാര്‍ത്തികയില്‍ പ്രശാന്ത് കുമാറിന്റെ 30ല്‍പരം ഏത്തക്കുലകളാണ് ഒരു മാസത്തിനിടയില്‍ മോഷണം പോയത്. മുമ്പ് ഒന്നോ രണ്ടോ കുലകളാണ് മോഷണം പോയിരുന്നത്.
അടുത്തിടെ ഏത്തക്കായക്ക് വിപണിയില്‍ 50 മുതല്‍ 90 രൂപ വരെ ലഭിച്ചു തുടങ്ങിയ സമയത്താണ് മോഷണം വർധിച്ചത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ വാഴത്തോപ്പിലിറങ്ങി ഏഴ് ഏത്തവാഴക്കുലകള്‍ വെട്ടി ബൈക്കില്‍ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ കാണുകയും ബഹളം വെച്ചതിനെത്തുടര്‍ന്ന് കുലകള്‍ ഉപേക്ഷിച്ച് ഇരുവരുംബൈക്കില് രക്ഷപ്പെടുകയും ചെയ്തു.
സമാനമായ രീതിയില്‍ പുളിമൂട് ഏലായിലെ കര്‍ഷകനായ തൊടിയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും നിരവധി ഏത്തവാഴക്കുലകള്‍ അടുത്തിടെ മോഷണം പോയി.
പൂയപ്പള്ളി പൊലീസ് നടപടികള്‍ സ്വീകരിക്കണമെന്നും മോഷ്ടാക്കളെ പിടികൂടി കര്‍ഷകരെ രക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.