വേനൽ കടുത്തു; കുടിവെള്ളത്തിനായി നെട്ടോട്ടം
text_fieldsഓയൂർ: നാല് പഞ്ചായത്തുകളിൽ കുടിവെള്ളമില്ലാത്തതിനാൽ നാട്ടുകാർ ബുദ്ധിമുട്ടിൽ.വെളിയം, കരീപ്ര, പൂയപ്പള്ളി, വെളിനല്ലൂർ പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം. കിണറുകൾ ഭൂരിഭാഗവും വറ്റി വരളുന്ന അവസ്ഥയിലാണ്.ജല ജീവൻ പദ്ധതിയും ജപ്പാൻ കുടിവെള്ള പദ്ധതിയും ഉണ്ടെങ്കിലും മിക്കയിടത്തും പൈപ്പ് പൊട്ടുന്നതിനാൽ പലയിടത്തും കുടിവെള്ളം എത്തുന്നില്ല. പലരും ഒരു ടാങ്കിന് 700 രൂപ വച്ച് കൊടുത്ത് വെള്ളം വാങ്ങുകയാണ് ചെയ്യുന്നത്.പഞ്ചായത്തുകളിൽ കർഷകർ വാഴ കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇവ നനക്കാൻ ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല.
കൃഷിയിടത്തിൽ വെള്ളം ലഭിക്കാത്തത് വൻ സാമ്പത്തിക ബാധ്യതയിലേക്ക് കർഷകരെ എത്തിച്ചിട്ടുണ്ട്. എല്ലാവർഷവും തെരഞ്ഞെടുപ്പ് വരുമ്പോൾ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ജലം എത്തിക്കുമെന്ന് വാഗ്ദാനം നൽകുക മാത്രമാണ് രാഷ്ട്രീയക്കാർ ചെയ്യുന്നത്.
പ്രദേശങ്ങളിൽ കുടിവെള്ളം എത്തിച്ചില്ലെങ്കിൽ സ്ഥാനാർഥികൾക്ക് വോട്ട് നൽകുന്നത് പുനരാലോചിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.അഞ്ചൽ: അറയ്ക്കൽ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. നീർച്ചാലുകളും തോടുകളും വറ്റി വരണ്ടു. മിക്ക കിണറുകളിലേയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളമെടുക്കാൻ കഴിയുന്നില്ല. കന്നുകാലികളെ വളർത്തുന്ന വീടുകളിൽ നിത്യോപയോഗങ്ങൾക്ക് പോലും പര്യാപ്തമായ വെള്ളം ലഭിക്കുന്നില്ല.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷൻ വീടുകളിൽ ലഭ്യമാണെങ്കിലും മിക്ക ദിവസങ്ങളിലും വെള്ളം കിട്ടാറില്ലെന്ന് പറയുന്നു.പരാതി അധികൃതരെ അറിയിച്ചപ്പോൾ, എല്ലാ ദിവസവും പമ്പിങ് നടത്താറുണ്ടെന്നും താഴ്ന്ന സ്ഥലങ്ങളിൽ ജലത്തിന്റെ ഉപയോഗം ഇപ്പോൾ കൂടുതലായതിനാൽ ഉയർന്ന പ്രദേശത്തെ സംഭരണ ടാങ്കുകളിൽ വെള്ളം നിറയുന്നതിന് കാലതാമസം നേരിടുന്നു. അതിനാലാണ് അറയ്ക്കൽ ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം നേരിടുന്നതെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ജലക്ഷാമം പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.