പൂയപ്പള്ളി നെല്ലിപ്പറമ്പിൽ കാട്ടുപന്നി ശല്യം രൂക്ഷം
text_fieldsഓയൂർ: പൂയപ്പള്ളി നെല്ലിപ്പറമ്പിൽ കാട്ടുപന്നിശല്യം രൂക്ഷം. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ നൂറുകണക്കിന് മൂട് മരച്ചീനികൾ, കാച്ചിൽ, ചേമ്പ്, വാഴ, തെങ്ങിൻ തൈകൾ, തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്. പന്നിശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൂയപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരത്തിനൊരുങ്ങി ആമ്പാടി കർഷക സംഘം.
നെല്ലിപ്പറമ്പ് വാർഡിൽ നെല്ലപ്പറമ്പ് ഏലായിലാണ് ദിവസങ്ങളായി കാർഷികവിളകൾ നശിപ്പിക്കുന്നത്. നെല്ലിപ്പറമ്പ് ആശിർവാദിൽ രവീന്ദ്രൻനായരുടെ 300 മൂട് മരച്ചീനി, 100 മൂട് ചേമ്പ്, 15 മൂട് കുലക്കാറായ ഏത്തവാഴ എന്നിവ നശിപ്പിച്ചു.
കിഴക്കതിൽ പുത്തൻവീട്ടിൽ സുരേഷ് കുമാറിന്‍റെ 150 മൂട് ചേമ്പ്, 100 മൂട് മരച്ചീനി, 100 മൂട് കാച്ചിൽ, മൈലോട് അനുപമിൽ പവിത്രന്‍റെ ഏഴുവർഷം പ്രായമുള്ള 40 മൂട് തെങ്ങുകൾ, 200 മൂട് മരച്ചീനി, നെല്ലിപ്പറമ്പ്ചരുവിള വീട്ടിൽ ബൈജുവിന്‍റെ 200 മൂട് മരച്ചീനി, അമ്പതിൽപരം കുലച്ചതും കുലക്കാറായതുമായ ഏത്തവാഴകൾ, വടക്കേക്കര അനിതാ വിലാസത്തിൽ ബാലകൃഷ്ണപിള്ളയുടെ 100 മൂട് മരച്ചീനി, 25 ഏത്തവാഴകൾ, കാച്ചിൽ, ചേന, ചേമ്പ് എന്നിവയും നശിപ്പിച്ചു. ദീപാസനത്തിൽ ഗോപിനാഥൻപിള്ളയുടെ 25 മൂട് ചീനിയും നിർമാല്യത്തിൽ മുരളീധരക്കുറുപ്പിന്‍റെ 10 മൂട് തെങ്ങുകളും നശിപ്പിച്ചിരുന്നു.
ആറ് മാസം മുമ്പാണ് മൈലോട്, നെല്ലിപ്പമ്പ്, ഓട്ടുമല തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി, മുള്ളൻപന്നി, കുറുക്കൻ തുടങ്ങിയ ജീവികളെ കണ്ടുതുടങ്ങിയത്. സ്ഥിരമായി കാർഷികവിളകൾ കുത്തിയിളക്കി മറിച്ചിടുന്നതിന്‍റെ ഉറവിടം അന്വേഷിച്ച് കഴിഞ്ഞ ദിവസംരാത്രി കാവലിരുന്ന കർഷകരുടെ മുന്നിൽ പത്തോളം വലുതും ചെറുതുമായ പന്നിക്കൂട്ടമാണ് വന്ന് പെട്ടത്. കർഷകരുടെ മുന്നിൽവച്ച് തന്നെ വിളകൾ കുത്തിയിളക്കി ഭക്ഷണമാക്കിയ ശേഷം മടങ്ങിപ്പോയി. ഇവയെ തുരത്താൻ ഉപായം കാണാതെ കർഷകരും പിൻവാങ്ങി.
ലക്ഷങ്ങൾ വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർക്ക് മുടക്കു മുതൽ പോലും ലഭിക്കാത്ത അവസ്ഥ ആയതിനാൽ ഇനി കൃഷി ഇറക്കുന്നില്ലെന്ന കൂട്ടായ തീരുമാനത്തിലാണ് കർഷകർ. അല്ലാത്തപക്ഷം സർക്കാർ ഇടപെട്ട് കർഷകർക്കുണ്ടായിട്ടുള്ള നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നൽകുകയും വന്യജീവി ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും കർഷക സംഘം ആവശ്യപ്പെട്ടു.
തോടിന്‍റെയും റോഡിന്‍റെയും തരിശുഭൂമികളിലും കാടുമൂടിയ പ്രദേശങ്ങളിലുമാണ് പന്നിക്കൂട്ടം ഒളിഞ്ഞിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കാട് വർഷത്തിൽ രണ്ട് തവണയെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് വൃത്തിയാക്കിയാൽ പന്നികളെ പ്രദേശത്തു നിന്നും തുരത്താനാകുമെന്നും അത്തരത്തിൽ ഒരു പദ്ധതി തയാറാക്കി കർഷകർക്ക് സുരക്ഷ ഒരുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.