ആറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി; ഒന്നര മണിക്കൂറോളം മരച്ചില്ലയിൽ പിടിച്ചുകിടന്നു
text_fieldsഓയൂർ: ഇത്തിക്കര ആറ്റിനോട് ചേർന്ന് യുവതി മരച്ചില്ലയിൽ തൂങ്ങിക്കിടന്നത് ഒന്നര മണിക്കൂറോളം. നിലവിളി കേട്ടെത്തിയ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കാളവയൽ സ്വദേശിനിയായ 23 കാരിയാണ് വൈകീട്ട് ആറോടെ ഇത്തിക്കരയാറ്റിൽ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിന് താഴെ ഈഴത്തറ കടവിൽ നിറഞ്ഞൊഴുകുന്ന ആറ്റിലേക്ക് ചാടിയതായി പറയപ്പെടുന്നത്. കുത്തൊഴുക്കിൽപെട്ട ഇവർക്ക് ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിെൻറ കൊമ്പിൽ പിടികിട്ടി. നിലവിളി പരിസരവാസിയായ മഹേഷിെൻറ ശ്രദ്ധയിൽപെട്ടു.
രാത്രി 7.30 കഴിഞ്ഞിട്ടും കരച്ചിൽ നിലക്കാത്തതിനെത്തുടർന്ന് മഹേഷ് സുഹൃത്തുക്കളായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു, മനീഷ് എന്നിവരെ വിവരമറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തി. കുത്തിയൊഴുകുന്ന പുഴയിലിറങ്ങാൻ ഭയപ്പെട്ട് ആരും ആദ്യം തയാറായില്ല.
രാജേഷ് ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്ത് കുടുക്കുണ്ടാക്കുകയും ചന്ദ്രബോസ് ആറ്റിലിറങ്ങി യുവതിയെ ശരീരത്തിൽ കുടുക്കിട്ട് മുറുക്കി നാലുപേരും കൂടി വലിച്ച് കരക്ക് കയറ്റുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി പൊലീസ് സംഘം സ്ഥലത്തെത്തി. യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.