'മീറ്റ് ദ മിനിസ്റ്റര്‍': 10 സംരംഭങ്ങള്‍ക്കായി 67.57 ലക്ഷം രൂപ
text_fieldsകൊല്ലം: വ്യവസായമന്ത്രി പി. രാജീവിെൻറ 'മീറ്റ് ദി മിനിസ്റ്റർ'പരിപാടിയിലൂടെ ജില്ലയിലെ 10 സംരംഭകർക്കായി 67.57 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. പീഡിതവ്യവസായ പദ്ധതി പ്രകാരം അടഞ്ഞു കിടന്നിരുന്ന കരുനാഗപ്പള്ളിയിലെ കൈറ്റ് സ്പോര്‍ട്സിന് മെഷിനറികള്‍ നവീകരിക്കുന്നതിനും പ്രവര്‍ത്തന മൂലധനത്തിനുമായി 5.78 ലക്ഷം, സംരംഭക സഹായ പദ്ധതി പ്രകാരം മൂന്ന് വ്യവസായ സ്ഥാപനങ്ങള്‍ക്ക് 38.88 ലക്ഷം, സ്പാസിയോ ഇന്‍സ്പേസ് ആന്‍ഡ് എക്സ്റ്റീരിയേഴ്സിന് 5.32 ലക്ഷം, തുഷാര ഓഫ്സെറ്റ് പ്രിൻറേഴ്സിന് 7.69 ലക്ഷം, ചിത്ര പ്രിൻറേഴ്സിന് 25.88 ലക്ഷവും നല്കി.
നാനോ സബ്സിഡി പദ്ധതി പ്രകാരം ആറ് വ്യവസായ യൂനിറ്റുകള്‍ക്കായി 22.92 ലക്ഷം രൂപ ധനസഹായം നല്കി. അഞ്ചലിലെ നൈനാന് വര്‍ഗീസിെൻറ എന്‍.എന്‍ ബ്രിക്സ് സിമൻറ് കട്ട നിര്‍മാണ സ്ഥാപനത്തിന് ലൈസന്‍സ് അനുവദിച്ചു. പഞ്ചായത്തില്‍ ഫീസ് അടച്ച് കാത്തിരിപ്പ് നീണ്ടപ്പോഴാണ് മന്ത്രിക്ക് മുന്നിൽ പരാതിയുമായെത്തിയത്.
ഫ്ലവര്‍ മില്‍ ആരംഭിക്കുന്നതിന് കെട്ടിട നിര്‍മാണ പ്ലാനിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് പെര്‍മിറ്റും ലൈസന്‍സും നിഷേധിച്ച വെളിയത്തെ ഷൈലക്ക് വെളിയം ഗ്രാമപഞ്ചായത്ത് പെര്‍മിറ്റ് നല്കി. ലൈസൻസ് ഉടൻ ലഭ്യമാക്കും.
ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്ന ഒ.സി.ആര് മറൈന്‍ ബോട്ട്യാര്ഡിന് മന്ത്രിയുടെ നിർദേശപ്രകാരം ലൈസന്‍സ് അനുവദിച്ചു. പിറവന്തൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ ഗോള്‍ഡന്‍ ചെറി യൂനിറ്റിന് വൈദ്യുതി കിട്ടാതിരുന്ന അവസ്ഥക്ക് പരിഹാരമായി. കിന്‍ഫ്ര എം.ഡിക്ക് നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിർദേശം നല്കി. മീറ്റ് ദ മിനിസ്റ്ററിൽ ആകെ 193 പരാതികളാണ് ലഭിച്ചത്. 107 എണ്ണം മുന്‍കൂട്ടിയും പരിപാടിക്കിടെ 62 ഉം ലഭിച്ചു. നേരത്തേ ലഭിച്ചവയില്‍ ഭൂരിഭാഗവും തീര്‍പ്പാക്കി. മറ്റുള്ളവ തുടര്‍നടപടികള്‍ക്കായി നല്കി.
വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ഖനനഭൂവിജ്ഞാന ഡയറക്ടര്‍ കെ. ഇന്‍പശേഖര്‍, കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജുകുര്യന്, മാനേജര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കൊല്ലത്ത് കാലാനുസൃതമായ വ്യവസായ പാർക്ക് തുടങ്ങും –മന്ത്രി പി. രാജീവ്
കൊല്ലം: പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള വ്യവസായ പാർക്ക് ജില്ലയിൽ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 'മീറ്റ് ദ മിനിസ്റ്റർ' പരിപാടിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിൻഫ്ര, കെ.എസ്.ഐ.സി.ഡി എന്നിവയുമായി ആലോചിച്ച് വ്യവസായ പാർക്കിന് അന്തിമ രൂപം നൽകും.നിയമപരിഷ്കരണ കമീഷന് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കാലഹരണപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരും. ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ച് നിലവിലെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും.
ഉദ്യോഗസ്ഥര്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം കാണുന്നതിനിടെ കാലതാമസം ഉണ്ടാകുന്നു. നേരെത്തയുള്ള നിയമ വ്യവസ്ഥകളിലെ പോരായ്മകളാണ് ഇതിന് കാരണം.
അതുകൊണ്ട് മാറിയ കാലത്തിന് ചേര്‍ന്ന മാറ്റങ്ങള്‍ വരുത്തുകയെന്നത് അനിവാര്യതയായി മാറി. വ്യവസായ സൗഹൃദവും പ്രശ്നരഹിതവുമായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കും. പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച് തയാറാക്കിയ കരട് മാസ്റ്റർ പ്ലാൻ വിവിധ തലങ്ങളിൽ ചർച്ച നടത്തിവരികയാണ്. ഏത് വകുപ്പുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഉടനടി തീര്‍പ് കല്പിക്കുന്നതിനായി ഓട്ടോമാറ്റിക് സ്റ്റാറ്റ്യൂട്ടറി ഗ്രിവന്‍സ് അഡ്രസ് മെക്കാനിസം ഈമാസം നിലവില്‍വരും. ഇതുവഴി പരാതികള്‍ക്ക് സുതാര്യമായി അതിവേഗം പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ പരാതിയിന്മേല് സമയബന്ധിതമായി പരിഹാരം കൈക്കൊണ്ടില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ബാങ്കുകളും വ്യവസായികളും തമ്മിൽ പൊതുധാരണയിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാന ബാങ്കുകളുടെ പ്രതിനിധികളുടെ വിളിച്ചുവരുത്തി ധനമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം നടത്തും.
ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച നിയമത്തിെൻറ കരട് തയാറാകുകയാണ്. പാര്‍വതി മില്ലിെൻറ സ്ഥലം പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളുമായി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും. ചവറ കെ.എം.എം.എല്‍ ഫാക്ടറിയിലെ ഭൂമി ഏറ്റെടുക്കലിന് നേരിട്ട തടസ്സങ്ങള്‍ നീക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എം.എൽ.എമാരുമായും മന്ത്രി ആശയവിനിമയം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.