പമ്പ സർവിസ്: പുനലൂരിന് ഇത്തവണയും ബസ് ഇല്ല
text_fieldsപുനലൂർ: പമ്പ സർവിസ് നടത്താൻ പുനലൂർ ഡിപ്പോക്ക് ഇക്കുറിയും കെ.എസ്.ആർ.ടി.സി സ്പെഷൽ ബസ് അനുവദിച്ചില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി തീർഥാടകർ പുനലൂർ വഴിയാണ് ശബരിമലക്ക് പോയിവരുന്നത്.
തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പുനലൂരിൽ ട്രെയിനിൽ എത്തുന്നവർ ഇവിടെ നിന്ന് ബസിലാണ് പമ്പക്ക് പോകുന്നത്. ബസ് ലഭിക്കാത്ത സാഹചര്യത്തിൽ പലപ്പോഴും മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടസ്ഥിതിയാണ്.
തീർഥാടകരുടെ തിരക്കും സൗകര്യവും പരിഗണിച്ച് പുനലൂർ ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്ന നിലയിൽ അധികമായി ബസ് അനുവദിക്കണമെന്ന് ഡിപ്പോ അധികൃതർ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാസഞ്ചേഴ്സ് അസോസിയേഷനും ഇക്കാര്യമുന്നയിച്ച് വകുപ്പു മന്ത്രിക്കും എം.എൽ.എക്കും നിവേദനം നൽകിട്ടും പരിഗണിച്ചില്ല.
മുമ്പ് മീറ്റർ ഗേജ് ട്രെയിൻ സർവിസ് ഉണ്ടായിരുന്നപ്പോൾ പമ്പ സർവിസിന് പുനലൂർ ഡിപ്പോക്ക് ആവശ്യത്തിന് ബസ് അനുവദിച്ചിരുന്നു. അടുത്ത കാലത്തായി സ്പെഷൽ ബസ് അനുവദിക്കുന്നില്ല. എന്നാൽ, കൊട്ടാരക്കര അടക്കം സമീപത്തെ മറ്റ് ഡിപ്പോകൾക്ക് പമ്പക്കായി സ്പെഷൽ ബസ് അനുവദിച്ചിട്ടുണ്ട്. സ്പെഷൽ ബസ് ഇല്ലാത്തതു കാരണം മറ്റ് റൂട്ടുകളിൽ സർവിസ് നടത്തേണ്ട ബസുകൾ ആണ് പുനലൂർ ഡിപ്പോയിൽനിന്ന് പമ്പക്ക് വിടുന്നത്. ഇതു മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്. ദിവസവും നാലും അഞ്ചും ബസുകൾ ഇത്തരത്തിൽ ശബരിമല തീർഥാടകർക്കായി ഉപയോഗിക്കേണ്ട നിലയാണ്.
ദിനംപ്രതി പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്താറുള്ള നൂറുകണക്കിന് തീർഥാടകരെ ഡിപ്പോയിൽനിന്ന് റെയിൽവേ സ്റ്റേഷനിൽ ബസ് എത്തിച്ചാണ് പമ്പയിലും എരുമേലിയിലും എത്തിക്കുന്നത്. മറ്റു ഡിപ്പോകളിൽനിന്നുള്ള പല ബസുകളും പമ്പയിൽ നിന്നു പുനലൂർ വഴി തെങ്കാശിക്കും മറ്റ് വന്നുപോകാറുണ്ട്. ഈ ബസുകളിൽ ചിലത് പുനലൂർ കേന്ദ്രീകരിച്ച് സർവിസ് നടത്തിയാൽ ഇവിടെ ട്രെയിനിൽ എത്തുന്നവരടക്കമുള്ള തീർഥാടകർക്ക് കൂടുതൽ പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.